വന്‍ വിജയമായ ‘പുഷ്പ: ദ റൈസ്’ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ വൈകുന്നതിനെചൊല്ലി വലിയ ചർച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ അരങ്ങേറിയിരുന്നത്. സംവിധായകൻ സുകുമാറും അല്ലു അർജുനും സ്വരചേർച്ചയിലല്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇപ്പോഴിതാ അത്തരം വാർത്തകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് അല്ലു അർജുന്റെ സുഹൃത്തും നിർമ്മാതാവുമായ ബണ്ണി വാസ്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നും, ഒരു ആറ് മാസം കൂടി ചോദിച്ചാൽ അത് സന്തോഷത്തോടെ ചെയ്യുന്ന ആളാണ് അല്ലു അർജുനെന്നും ബണ്ണി വാസ് പറയുന്നു.
“ഒരു 6 മാസം കൂടി പുഷ്പ ചിത്രീകരിക്കാൻ വേണമെന്ന് സുകുമാർ ആവശ്യപ്പെട്ടാൽ അത് സന്തോഷത്തോടെ ചെയ്യുന്ന ആളാണ് അല്ലു അർജുൻ. അല്ലു അർജ്ജുന് പുഷ്പ ദ റൂളിന്റെ 15-17 ദിവസത്തെ ഷൂട്ടാണ് ഇനി ബാക്കിയുള്ളത്. അതിൽ സിനിമയുടെ ക്ലൈമാക്സും ഒരു പാട്ടുമാണ് ഉൾപ്പെടുന്നത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും.” എന്നാണ് ബണ്ണി വാസ് മാധ്യമങ്ങളോട് പറഞ്ഞത്.
പുഷ്പ 2വിന്റെ ചിത്രീകരണം പുരോഗമിക്കവെ അല്ലു അർജുൻ അവധിയാഘോഷത്തിന് പോയതും, അടുത്തിടെ പുഷ്പ ലുക്കില്‍ നിന്ന് വ്യത്യസ്തമായി താടി ട്രിം ചെയ്ത നിലയിലുള്ള അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
അതേസമയം, അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ 2. 2021ല്‍ പുറത്തിറങ്ങി പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 ദ റൂള്‍ എത്തുന്നത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യയില്‍ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു.
പുഷ്പ ആദ്യ ഭാഗത്തിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതമൊരുക്കുന്നത്. സാമന്തയുടെ ഹിറ്റ് ഐറ്റം നമ്പര്‍ ആയ ‘ഉ അണ്ടവ’യുടെ മറ്റൊരു വേര്‍ഷന്‍ പുഷ്പ 2വില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്.