തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് റായ് ലക്ഷ്മി. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘റോക്ക് ആന്റ് റോൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ റായ് ലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ഡിഎൻഎ എന്ന ചിത്രത്തിലൂടെയാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ റായ് ലക്ഷ്മി വീണ്ടും സജീവമാവുന്നത്. ഇപ്പോഴിതാ മലയാളികളെ കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. എങ്ങനെയാണ് മലയാളികൾ ഇത്രയും മള്‍ട്ടി ടാലന്റഡായത് എന്നാണ് റായ് ലക്ഷ്മി ചോദിക്കുന്നത്. കൂടാതെ എന്ത് ജോലി ഏല്പിച്ചാലും അതൊക്കെ നല്ല ഗ്രെയ്‌സോടെ ചെയ്തു തീര്‍ക്കുന്നവരാണ് മലയാളിളെന്നും റായ് ലക്ഷ്മി പറയുന്നു.
“എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്? ജന്മനായുള്ള ഗുണമാണോ ഇത്? എന്ത് ജോലി ഏല്പിച്ചാലും അതൊക്കെ നല്ല ഗ്രെയ്‌സോടെ ചെയ്തു തീര്‍ക്കുന്നവരാണ് മലയാളികള്‍. ഞാനിത് നേരിട്ട് കണ്ടിട്ടുണ്ട്.
കഴിഞ്ഞ 12 വര്‍ഷമായി ഞാനിത് കാണുന്നുണ്ട്. അവരോട് എന്ത് ജോലി പറഞ്ഞാലും അവരത് ചെയ്യും, പാട്ട് പാടാന്‍ പറഞ്ഞാല്‍ അതും, ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യുന്നവരാണ് മലയാളികള്‍. നന്നായി അഭിനയിക്കുന്നതിലും മികച്ച ടെക്‌നീഷ്യന്മാരുടെ കാര്യത്തിലും എല്ലാം മലയാളികള്‍ മികച്ചു നില്‍ക്കുന്നവരാണ്.
വിദ്യാഭ്യാസമുള്ള ഇന്റലിജന്റായിട്ടുള്ളവരിലും മലയാളികള്‍ തന്നെയാണ് മുന്നില്‍. മറ്റ് നാട്ടിലുള്ളവര്‍ ഇതിലൊന്നും മോശമാണെന്നല്ല, മലയാളികള്‍ കുറച്ചുകൂടി മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഒരിക്കലും ഒന്നിനോടും നോ പറയുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്ന കാര്യമാണത്. അവരുടെ ജീനിന്റെ ഗുണമാകും അത്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ റായ് ലക്ഷ്മി പറയുന്നത്.