1989ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കാവടി എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി. ജയറാം, സിതാര, ഉര്‍വ്വശി, ഇന്നസെന്റ് എന്നിവര്‍ അഭിനയിച്ച ചിത്രം അക്കാലത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു. ചിത്രം റിലീസായ സമയത്തെ ഓര്‍മ്മകളാണ് രഘുനാഥ് പലേരി പങ്കുവച്ചിരിക്കുന്നത്. ആ സത്യസന്ധമായ അഭിപ്രായവും ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ഒരുക്കിയതുമാണ് സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് എന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രഘുനാഥ് പലേരിയുടെ കുറിപ്പ്:
മഴവില്‍ കാവടി റിലീസായ ദിവസം. കോഴിക്കോട് രാധാ തിയേറ്ററില്‍ ആദ്യ മാറ്റിനിക്ക് ചെന്നു. വരിനിന്നു. അത്യാവശ്യം തിരക്കുണ്ട്. താഴെ മദ്ധ്യത്തിലുള്ള ഇരിപ്പിടങ്ങളിലൊന്നിനുള്ള ടിക്കറ്റാണ് എടുത്തത്. ചുറ്റുമുള്ള ആളുകളുടെ ബഹളവും കയ്യടിയും കൂവിവിളിയും ആസ്വദിക്കാന്‍ പറ്റിയ സ്ഥലം തിയേറ്ററിന്റെ മദ്ധ്യഭാഗമാണ്. കാവടി തുടങ്ങി. ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം നിറഞ്ഞു നിന്ന ആളുകളില്‍ അവിടവിടെ നിന്നും ചിരികള്‍ ഉയര്‍ന്നു. സീറ്റുകള്‍ കുലുങ്ങാന്‍ തുടങ്ങി.
പാട്ടുകളില്‍ താളം പിടി ഉയര്‍ന്നു. കുഞ്ഞിക്കാദര്‍ നാട്ടിലേക്ക് കോട്ടും ധരിച്ച് വരുന്ന ഷോട്ട് കണ്ടതും ഒരു ചിരിത്തിര എനിക്കു മുകളിലൂടെ കടന്നു മാറി. ഒടുക്കം കളരിക്കല്‍ ശങ്കരന്‍കുട്ടി മേനോന്‍ അവര്‍കളുടെ താടി കൂടി വേലായുധന്‍ കുട്ടി വടിച്ചെടുത്തു കഴിഞ്ഞതോടെ ഞാന്‍ പുറത്തിറങ്ങി. രാധാ തിയേറ്ററിന്നു നേരെ മുന്നില്‍ ധാരാളം മാസികകളും വാരികകളും പത്രങ്ങളും വില്‍ക്കുന്ന ഒരു പത്രക്കടയുണ്ട്. ഏട്ടന്റെ ചങ്ങാതിയും കൂടിയാണ് അദ്ദേഹം. സൗമ്യനായ മനുഷ്യന്‍.
എന്നെ അറിയുമെങ്കിലും കാവടി എന്റെതാണെന്ന് അറിയാത്ത ഒരു നല്ല മനുഷ്യന്‍. ഇന്‍ഡസ്ട്രിയല്‍ ടൈസ് എന്ന മാസിക ഏട്ടനു വേണ്ടി വാങ്ങണം. അത് വാങ്ങുന്ന സമയത്തിനിടയില്‍ കാവടി കണ്ടിറങ്ങിയ ആള്‍ക്കൂട്ടത്തില്‍ നിന്നും ചിലര്‍ ആ കടയിലേക്ക് വന്നു. സിഗററ്റും മിഠായിയും വാങ്ങി കത്തിക്കുന്നതിനും നുണയുന്നതിനും ഇടയില്‍ കടക്കാരന്‍ കൗതുകത്തോടെ അവരില്‍ ഒരാളോട് ചോദിച്ചു.
‘എങ്ങിനുണ്ട് പടം..?’
അയാള്‍ സത്യസന്ധമായി അയാള്‍ കണ്ട സിനിമ പറഞ്ഞു.
‘എന്തപ്പാ… വെറും താടിവടീം അമ്പട്ടപ്പണീം. ‘
കേട്ട താമസം അവിടെ നിന്നും സ്‌ക്കൂട്ട് ചെയ്ത് പിന്നെ പൊങ്ങിയത് വീട്ടിലാണ്. ഇപ്പോഴും മഴവില്‍ കാവടിയെ ആരെങ്കിലും ആശീര്‍വദിച്ചു സംസാരിക്കുമ്പോള്‍ ആ ഹൃദയം തുറന്ന നിരൂപണം ഓര്‍മ്മയില്‍ വരും. അതും മഴവില്‍ കാവടിക്ക് ലഭിച്ച ഒരവാര്‍ഡായിരുന്നു.
എന്നാല്‍ എനിക്കും സത്യനും ഇപ്പോള്‍ ഒരതിമനോഹര അവാര്‍ഡാണ് ശ്രീ സുബ്രമണ്യന്‍ സുകുമാരന്റെ മകന്‍ ശ്രീശ്വേതേശ്വറില്‍ നിന്നും ലഭിച്ചത്. ശ്രീശ്വേതേശ്വറിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണത്രേ മഴവില്‍ കാവടി. പിറന്നതും വളര്‍ന്നതും പഠിച്ചതും എല്ലാം അബുദാബിയില്‍ ആയതുകൊണ്ട് മലയാളം വായിക്കാനും എഴുതാനും അറിയില്ല. പല വാക്കുകളുടെയും അര്‍ത്ഥവും അറിയില്ല. തനിക്കേറ്റവും രസിച്ച കാവടിയെ തനിക്കേറ്റവും പ്രിയപ്പെട്ട ചില ചങ്ങാതിമാര്‍ കാണണമെന്ന് കുഞ്ചുവെന്ന ശ്രീശ്വേതേശ്വറിന് ഒരാഗ്രഹം.
സംഭാഷണങ്ങള്‍ മനസ്സിലാവാതെ കാവടി കണ്ടിട്ട് കാര്യമില്ലെന്ന് തീരുമാനിച്ച ശ്രീ കുഞ്ചു സ്വന്തം നിലയില്‍ അമ്മയെ കൂട്ടുപിടിച്ച് കാവടിക്ക് ഇംഗ്ലീഷില്‍ ദിവസങ്ങളെടുത്ത് ഉചിതമായ സബ്‌ടൈറ്റില്‍ നല്‍കി. അവന്‍ പിറക്കും മുന്‍പെ ഞാനെഴുതിയ ഒരു സിനിമക്ക് ഇങ്ങിനൊരു കിരീടം നല്‍കി സ്വന്തം ചങ്ങാതിമാര്‍ ഈ സിനിമ കാണണെമെന്നാഗ്രഹിക്കുന്ന ആ മനസ്സിലേക്കുള്ള ദൂരത്തോളം സഞ്ചരിക്കാന്‍ ഞാന്‍ എടുത്ത സമയം, വര്‍ഷം ഇത്ര കഴിഞ്ഞിട്ടും, ഒരു നക്ഷത്രം മിന്നുന്ന നേരമേ വേണ്ടിവന്നുള്ളു എന്നതാണ് സത്യം. വീണ്ടും സ്‌ക്കൂട്ട് ബാക്ക് ചെയ്ത് സത്യന്റെ കൈയ്യും പിടിച്ച് ആ കടക്കു മുന്നില്‍ എത്താനൊരു മോഹം. നന്ദി കുഞ്ചു. ഒരുപാട് നന്ദി. കുഞ്ചുവായ ശ്രീശ്വേതേശ്വര്‍ ഇംഗ്ലീഷ് സംഭാഷണം പതിച്ച കാവടിയുടെ ഒരു കഷ്ണം താഴെ.