യഥാര്‍ത്ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല, സൂക്ഷ്മം, ഊര്‍ജ്ജസ്വലം; 'കൊട്ട മധു'വിനെ പ്രശംസിച്ച് രഞ്ജിത്ത് ശങ്കര്‍

പൃഥ്വിരാജ്-ഷാജി കൈലാസ് കോമ്പോയില്‍ എത്തിയ ‘കാപ്പ’ ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. യഥാര്‍ത്ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും കൊട്ട മധു എന്ന കഥാപാത്രത്തില്‍ തനിക്ക് കാണാനായില്ല എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.

”കാപ്പയിലെ കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാര്‍ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല. ഗംഭീര പ്രകടനം. സൂക്ഷ്മം, നിയന്ത്രിതം, ഊര്‍ജ്ജസ്വലം. ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുന്നു” എന്നാണ് രഞ്ജിത്ത് ശങ്കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ആണ് കാപ്പ തിയേറ്ററുകളില്‍ എത്തിയത്. ജനുവരി 19ന് ഒ.ടി.ടിയില്‍ എത്തിയതോടെയാണ് വീണ്ടും ചര്‍ച്ചയാകാന്‍ തുടങ്ങിയത്. ജി.ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്.

Read more

ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അപര്‍ണ ബാലമുരളി ആണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ട മധു എന്ന കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായത്.