വിവാദങ്ങള്‍ക്കിടെ നയന്‍താര: ബിയോണ്ട് ദി ഫെയ്റി ടെയ്ല് ഡോക്യുമെന്ററി പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. നയന്‍താരയുടെ കരിയറിന്റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യമെന്ററിയില്‍ ഉള്ളത്. അമിത് കൃഷ്ണന് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം 1.22 മണിക്കൂറാണ്.
മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയുടെ തുടക്കം. ഷീലയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമാണ് മനസിനക്കരെ. ചിത്രത്തിലെ നായിക ഒരു പുതുമുഖം മതിയെന്ന് സംവിധായകന് സത്യന് അന്തിക്കാട് തീരുമാനിക്കുകയായിരുന്നു. ഡയാന കുര്യന് എന്ന നായികയെ കണ്ടെത്തിയതിനെ കുറിച്ച് സംവിധായകന് സംസാരിക്കുന്നുണ്ട്.
”ഒരു വനിത മാസിക കാണാനിടയായി, അതിലൊരു പരസ്യത്തില്‍ ശലഭ സുന്ദരിയെപ്പോലെ ഭയങ്കര ആത്മവിശ്വാസം തോന്നുന്ന പെണ്‍കുട്ടിയെ കണ്ടു. അതിന് മുമ്പ് അവരെ കണ്ടിട്ടുമില്ല. ഞാന്‍ ആ മാസികയുടെ എഡിറ്ററെ വിളിച്ചു. വനിത മാസികയായിരുന്നു. തിരുവല്ലയിലുള്ള കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു, വിവരങ്ങളും തന്നു. അങ്ങനെ ഞാന്‍ ആദ്യമായി നയന്‍താരയെ വിളിക്കുന്നു.”
”ഡയാന എന്നായിരുന്നു കുട്ടിയുടെ പേര്. ശരിക്കും അന്ന് ഡയാന ഷോക്ക് ആയിപ്പോയി കാണും. ‘ഞാന്‍ സത്യന് അന്തിക്കാട് ആണ്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ?’ എന്നു ചോദിച്ചു. ‘ഞാന്‍ സാറിനെ അങ്ങോട്ട് വിളിക്കട്ടെ’ എന്നു പറഞ്ഞ് ഡയാന ആ ഫോണ്‍ കട്ട് ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിക്കൊരു കോള്‍ വരുന്നു, ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു.”
”സിനിമയുടെ കാര്യങ്ങള്‍ പറഞ്ഞ ശേഷം നാളെ നേരിട്ട് വരാനും ഡയാനയോട് പറഞ്ഞു. ‘സോറി സര്. എന്റെ കുറച്ച് കസിന്‍സിന് ഞാന്‍ അഭിനയിക്കുന്നതില്‍ താല്പര്യമില്ലെന്ന്’ ഡയാന മറുപടിയായി പറഞ്ഞു. ഞാന്‍ തിരിച്ചു പറഞ്ഞു, ”രണ്ട് തെറ്റാണ് ഡയാന ഇപ്പോള്‍ ചെയ്തത്, ഒന്ന് എന്നെ മൂന്ന് മണിക്ക് വിളിച്ചുണര്‍ത്തി, രണ്ടാമത്തേത് സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു”.
”അഭിനയിക്കുന്നത് ഇഷ്ടമാണോ എന്നു ഡയാനോട് ചോദിച്ചു, ‘ഇഷ്ടമാണെന്ന്’ പറഞ്ഞു. അങ്ങനെയെങ്കില്‍ വന്ന് നോക്കൂ, രണ്ട് ദിവസം ഷൂട്ടിങ് ഒക്കെ എങ്ങനെയെന്ന് കാണാമെന്നും ഞാന്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ ഞാന്‍ ഡയാനയെ അഭിനയിപ്പിച്ചില്ല, ഷൂട്ട് ചെയ്യുമ്പോള്‍ കൂടെ കൂട്ടും. ഷീലയും ജയറാമുമൊക്കെ അഭിനയിക്കുന്നത് എന്റെ ഒപ്പം നിന്നു കാണും.”
”അങ്ങനെ ടീമിനെ ഒക്കെ പരിചയമായി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു, ‘ഞാന്‍ എപ്പോഴാണ് അഭിനയിച്ചു തുടങ്ങേണ്ടതെന്ന്’. അങ്ങനെയാണ് ആദ്യമായി ഡയാന അഭിനയിക്കുന്നത്” എന്നാണ് സത്യന് അന്തിക്കാട് പറയുന്നത്.