എനിക്ക് എതിരെ മീ ടൂ ആരോപണം ഒന്നും ഇല്ല; നടന്‍ സിദ്ധിഖിന് എതിരെ ഷമ്മി തിലകന്‍..അമ്മയില്‍ അങ്കം

അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്‍ സിദ്ധിഖ് പങ്കുവെച്ച പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. സിദ്ധിഖ് സമൂഹ മാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശം തന്നെ മാത്രം ലക്ഷ്യം വെച്ച് ഉള്ളതാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഒപ്പ് രേഖപ്പെടുത്താത്തതിന്റെ പേരില്‍ നോമിനേഷന്‍ തള്ളിയ വ്യക്തി താന്‍ മാത്രമാണ്. സിദ്ദിഖ് ഈ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ടാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനായി വോട്ട് തേടി നടന്‍ സിദ്ധിഖ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കിട്ടത്. ‘ആരെ തിരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനു വേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല’, എന്നായിരുന്നു കുറിപ്പ്.

ഇതിനെതിരെയാണ് ഷമ്മി തിലകന്‍ രംഗത്തെത്തിയത്. സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശം എന്നെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം അങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് താരത്തിന്റെ പ്രതികരണം. പീഡന പരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും തനിക്കെതിരെ ഇല്ല. അപ്പോള്‍ സംഘടനയുടെ തലപ്പത്തിരിക്കാന്‍ തനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.

Read more

അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മുന്‍ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുമ്പ് ഉണ്ടായതാണ്. സിദ്ധിഖിന്റെ പരാമര്‍ശത്തിലൂടെ അദ്ദേഹം തന്റെ ധാർമ്മികതതയാണ് വെളിവാക്കിയത്. ഒപ്പ് ഇല്ലാതെ നോമിനേഷന്‍ തള്ളിയ വ്യക്തി ഞാന്‍ മാത്രമാണ്. അതുകൊണ്ട് പരാമര്‍ശം തന്നെ കുറിച്ചാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകും ഈ വിഷയം ജനറല്‍ ബോഡിയില്‍ ഉന്നയിക്കാന്‍ തന്നെയാണ് തന്റെ തിരുമാനമെന്നും ഷമ്മി തിലകന്‍ പറഞ്ഞിരുന്നു.