ഡാന്‍സര്‍ ആയതിനാല്‍ മലയാള സിനിമയില്‍ അവസരമില്ല, സ്റ്റേജ് ഷോ നിര്‍ത്തണമെന്ന് ഒരു സംവിധായകന്‍ ആവശ്യപ്പെട്ടു: ഷംന കാസിം

ഡാന്‍സര്‍ എന്ന ലേബല്‍ കാരണം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി ഷംന കാസിം. അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ സ്റ്റേജ് ഷോ ചെയ്യുന്നത് കുറയ്ക്കണമെന്ന് തന്നോട് മലയാളത്തിലെ ഒരു വലിയ സംവിധായകന്‍ പറഞ്ഞിരുന്നു എന്നാണ് ഷംന ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.

ഡാന്‍സര്‍ എന്ന ലേബല്‍ കാരണം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി. സ്റ്റേജ് ഷോ കുറയ്ക്കണം അതുകൊണ്ടാണ് അവസരം കുറയുന്നതെന്ന് എത്രയോ പേര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനൊരു രീതി മലയാളത്തില്‍ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.

എപ്പോഴും സ്റ്റേജില്‍ കാണുന്നത് കൊണ്ട് അഭിനയിപ്പിക്കാന്‍ പലര്‍ക്കും താല്‍പര്യമില്ലായിരുന്നു. എന്നാല്‍ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്പോഴും അവസരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. അവര്‍ സിനിമയും തന്നു, സ്റ്റേജ് ഷോകളും തന്നു. മലയാളത്തില്‍ ഒരു അവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ.

ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്ന് മനസിലാക്കി. നൃത്തമാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓണ്‍ ദ സ്റ്റേജ് എന്ന് പറയുന്നത് കേള്‍ക്കണം എന്നാണ് ഷംന പറയുന്നത്.

Read more