മോഹന്‍ലാലും മമ്മൂട്ടിയും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല: വെളിപ്പെടുത്തലുമായി വില്യംസിന്റെ ഭാര്യ

ഒരു കാലത്ത് മലയാള സിനിമയിലെ മികച്ച ക്യാമറാമാന്‍മാരിലൊരാളായിരുന്നു വില്യംസ്. 2005 ഓടെ വില്യംസ് അര്‍ബുദ രോഗ ബാധിതനായി അന്തരിച്ചു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്നെ തന്റേതായ ഒരു കയ്യൊപ്പ് ചാര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വില്യംസിന്റെ ജീവിതത്തെക്കുറിച്ച് ഭാര്യ ശാന്തി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

വില്യംസ് രോഗ ബാധിതനായി ആകെ തകര്‍ന്ന് പോയപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ആരും തിരിഞ്ഞു പോലും നോക്കിയില്ലെന്നാണ് ശാന്തിയുടെ ആരോപണം. വികടന്‍ എന്ന ചാനലിലെ അവള്‍ എന്ന ഷോയില്‍ എത്തിയപ്പോഴാണ് ശാന്തി ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. വിവാഹത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു.

വില്യംസിനെ വിവാഹം കഴിയുമ്പോള്‍ ശാന്തിയ്ക്ക് 20 വയസ്സ് ആയിരുന്നു പ്രായം. വില്യംസിന് അന്ന് 46 വയസ്സുണ്ട്. എന്നാല്‍ ആ പ്രായ വ്യത്യാസത്തിന്റെ കാര്യം കുടുംബക്കാര്‍ക്ക് പോലും അറിയില്ലായിരുന്നു. കല്യാണത്തിന് ശേഷം 1992 ഒക്കെ ആയപ്പോഴേക്കും അദ്ദേഹത്തിന് ചില ശാരീരിക അസ്വസ്ഥതകള്‍ ആരംഭിച്ചിരുന്നെന്ന് ശാന്തി പറയുന്നു.

വില്യംസ് ആരോഗ്യത്തോടെ ഇരുന്നിരുന്ന സമയത്ത് മോഹന്‍ലാലും, മമ്മൂട്ടിയും , സുരേഷ് ഗോപിയും ഒക്കെ വീട്ടില്‍ വരുമായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും താന്‍ അവര്‍ക്ക് ഭക്ഷണം വെച്ച് വിളമ്പി കൊടുത്തിട്ടുണ്ട്. എന്നാല്‍ വില്യംസ് ഒന്ന് പതറിയപ്പോള്‍ ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്ന് നടി പറയുന്നു.

സഹായിച്ചത് രജനികാന്ത് മാത്രമാണെന്നും ശാന്തി പറയുന്നു. രജനി സാറും വില്യേട്ടനും റൂംമേറ്റ്സ് ആയിരുന്നു. രജനി സര്‍ അപൂര്‍വ്വ രാഗങ്ങള്‍ എന്ന സിനിമ ചെയ്യാന്‍ വന്ന കാലം മുതലുള്ള സൗഹൃദമാണ്. അന്ന് രജനി സാര്‍ ചെയ്ത സഹായം ഒരിക്കലും മറക്കില്ലെന്നും ശാന്തി പറഞ്ഞു.