'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് തിയതി കുറിക്കപ്പെട്ടതോടെ എല്ലാ ആയുധങ്ങളും ഒരുക്കി പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ് മുന്നണികള്‍. ഭരണത്തുടര്‍ച്ച നേടാന്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ എതിരാളിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ആപ്പിന് മുന്നില്‍ മുഖ്യഎതിരാളി കേന്ദ്രം ഭരിക്കുന്ന ബിജെപി തന്നെയാണ്. ഡല്‍ഹിയിലെ പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായെ തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യമായി വെല്ലുവിളിച്ച് പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് അമിത് ഷാ ഇപ്പോള്‍.

ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ചേരിപ്രശ്‌നം ഉയര്‍ത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചിരിക്കുന്നത്. താന്‍ വേണമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ ഇരിക്കാമെന്നും പക്ഷേ ഡല്‍ഹിയിലെ ചേരി പ്രശ്‌നം ഇല്ലാതാക്കണമെന്നുമാണ് കെജ്രിവാളിന്റെ വെല്ലുവിളി. ഡല്‍ഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാമെന്ന് കെജ്രിവാള്‍ അമിത് ഷയോടായി പറഞ്ഞു.

ചേരികളിലെ ജനങ്ങള്‍ക്കെതിരെ നിങ്ങള്‍ കൊടുത്ത എല്ലാ കേസുകളും പിന്‍വലിക്കുക, അവര്‍ കുടിയൊഴിപ്പിക്കപ്പെട്ട അതേ ഭൂമിയില്‍ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. ഞാന്‍ ഈ തിരഞ്ഞെടുപ്പില്‍ എന്നാല്‍ മത്സരിക്കില്ല. ഇത് അംഗീകരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. അല്ലാത്ത പക്ഷം കെജ്രിവാള്‍ ഇവിടെ നിന്ന് എവിടെയും പോകില്ല.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ ചേരികള്‍ പൊളിച്ചുമാറ്റുകയാണ് ബിജെപി ലക്ഷ്യമെന്ന് കെജ്രിവാള്‍ ആരോപിച്ചു. അവര്‍ക്ക് ആദ്യം വേണ്ടത് നിങ്ങളുടെ വോട്ടും തിരഞ്ഞെടുപ്പിന് ശേഷം നിങ്ങളുടെ ഭൂമിയുമാണ് വേണ്ടെതെന്നുമാണ് ആംആദ്മി നേതാവ് പറയുന്നത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ചേരി പ്രദേശങ്ങളുടെ ഭൂവിനിയോഗത്തില്‍ ഡിസംബര്‍ 27 ന് മാറ്റം വരുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അവ പൊളിച്ചുമാറ്റലിനുള്ള വഴിയൊരുക്കാനാണ് ഈ നീക്കമെന്നും കെജ്രിവാള്‍ ആരോപിച്ചു. ബിജെപിയുടെ ‘ജഹാന്‍ ജുഗ്ഗി വഹന്‍ മകാന്‍’ (ചേരികളെവിടെ ഉണ്ടോ അവിടെ വീടുകളുണ്ട്) പദ്ധതിയെ കണ്ണില്‍ മണ്ണിടാനുള്ള പദ്ധതിയെന്നാണ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്.

കെജ്രിവാളിന്റെ വെല്ലുവിളിയെ അമിത് ഷാ ഖണ്ഠിച്ചില്ലെങ്കിലും ആരോപണം തള്ളിക്കൊണ്ട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തി. പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചുവെന്നാണ് പ്രത്യാരോപണം.

കുടിയിറക്കപ്പെട്ട ചേരി നിവാസികളുടെ പുനരധിവാസം ഇപ്പോഴത്തെ സ്ഥിതിയിലാണ് പോകുന്നതെങ്കില്‍ ഇനിയും ആയിരം വര്‍ഷം വേണ്ടിവരും പൂര്‍ത്തിയാക്കാനെന്ന് പറഞ്ഞാണ് ആപ്പിന്റെ പ്രചാരണം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചേരി നിവാസികള്‍ക്കായി 4,700 ഫ്ളാറ്റുകള്‍ മാത്രമാണ് നിര്‍മിച്ചതെന്നും നാലു ലക്ഷത്തോളം ചേരി കുടുംബങ്ങളാണ് പ്രതിസന്ധിയിലെന്നും കെജ്രിവാള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ് 2006 മുതലെന്നും എന്നാല്‍ ആംആദ്മി പാര്‍ട്ടി വേണ്ട ഗൗരവം കാണിച്ചില്ലെന്നുമാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍ദീപ് സിംഗ് പുരി പറയുന്നത്.