മുൻ കന്നട താരവും പിന്നണി ഗായകനുമായ രാജ്കുമാറിന്റെ മകനാണ് കന്നഡ സിനിമ ലോകത്ത് ശിവണ്ണ എന്നറിയപ്പെടുന്ന ശിവ രാജ്കുമാർ. നെൽസൺ ദിലീപ് കുമാറിന്റെ രജനി ചിത്രം ജയിലറിലൂടെ ഇപ്പോൾ തമിഴ്- മലയാളം പ്രേക്ഷകർക്കും സുപരിചിതനാണ് ശിവ രാജ്കുമാർ.
ശിവ രാജ്കുമാറിന്റെ പിതാവ് രാജ്കുമാറിനെയും സഹോദരി ഭർത്താവിനെയും കുപ്രസിദ്ധ കൊള്ളക്കാരൻ വീരപ്പൻ തട്ടികൊണ്ടുപോയതിനെ പറ്റി പറയുകയാണ് ശിവ രാജ്കുമാർ. 2000 ലാണ് സംഭവം നടന്നത്. അന്ന് ഇന്ത്യയാകേ വലിയ ചർച്ചയായ വിഷയമായിരുന്നു ഈ തട്ടികൊണ്ടുപോകൽ. 108 ദിവസത്തോളം കാട്ടിനുള്ളിൽ ബന്ദികളാക്കിയതിന് ശേഷമാണ് വീരപ്പൻ അവരെ വിട്ടയച്ചത്.
“കൊള്ളക്കാരൻ വീരപ്പന്റെ തോക്കിന് മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി നിന്ന അപ്പയുടെ ഓർമ്മകൾ എന്നെയും കുടുംബത്തെയും ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ഉറക്കമില്ലാത്ത എത്ര രാത്രികളാണ് എന്റെ അമ്മ തള്ളിനീക്കിയത്. തമിഴ്നാട്ടിലെയും കർണാടകത്തിലെയും സർക്കാരും അന്ന് ഞങ്ങളെ ചേർത്തുപിടിച്ചിരുന്നു.
അതൊന്നും ഒരിക്കലും മറക്കാനാവില്ല. അപ്പയെയും അമ്മയെയും ഒടുവിൽ അനുജനെയും നഷ്ടമായപ്പോൾ എന്തുചെയ്യണം എന്നറിയാതെ പതറിപോയിട്ടുണ്ട്. ആരും എപ്പോഴും ഒന്നിച്ചുണ്ടാവില്ല എന്ന തിരിച്ചറിവാണ് അതിലൂടെ ലഭിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ അപ്പയുടെ ജീവിതാനുഭവങ്ങളും ഓർമ്മകളുമാണ് ഞങ്ങൾക്ക് കരുത്ത് പകർന്നത്.” മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശിവ രാജ്കുമാർ മനസുതുറന്നത്.
Read more
എം. ജി ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഗോസ്റ്റ്’ആണ് ശിവ രാജ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. ജയറാമും അനുപം ഖേറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 60 കോടി ബഡ്ജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ഗോസ്റ്റ് പുറത്തിറങ്ങിയത്.