വലിയ വിഗ് വെച്ചാണ് ഞാന്‍ എത്തിയത്, 'ഇവളാണോ നായിക' എന്ന് ചോദിച്ച് എന്റെ ദാവണി വലിച്ചൂരി; ലൊക്കേഷനിലെ അനുഭവം പറഞ്ഞ് ശോഭന

സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് ശോഭന. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് താരം സിനിമ വിട്ട് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ‘വരനെ ആവശ്യമുണ്ട്’ സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയെങ്കിലും താരം നൃത്തത്തില്‍ തന്നെയാണ് കൂടുതല്‍ സജീവം.

പൊതുചടങ്ങുകളിലും താരം പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ ലോഞ്ച് ചടങ്ങില്‍ ശോഭന എത്തിയിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശോഭന ഇപ്പോള്‍.

‘ഏപ്രില്‍ 18’ എന്ന മലയാള സിനിമയ്ക്ക് ശേഷം ‘എനക്കുള്‍ ഒരുവന്‍’ എന്ന തമിഴ് ചിത്രത്തിലാണ് ശോഭന അഭിനയിച്ചത്. ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായിരുന്നു ശോഭന. ”മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ വമ്പന്‍ സെറ്റിട്ടായിരുന്നു ഷൂട്ടിംഗ്. ആദ്യമായി ലൊക്കേഷനിലേക്ക് എത്തിയപ്പോള്‍ നീല ദാവണി ആയിരുന്നു ധരിച്ചിരുന്നത്.”

”സിനിമയിലെ ആദ്യ ഷോട്ട് കൊറിയോഗ്രഫി ചെയ്യുന്നത് പുളിയൂര്‍ സരോജയായിരുന്നു. വലിയ വിഗെല്ലാം വെച്ച് ഞാനെത്തി. അവര്‍ എന്നെ നോക്കി ഇവരാണോ നായിക എന്ന് ചോദിച്ച് എന്റെ ദാവണി വലിച്ചൂരി. എന്തിനാണിതെന്ന് ചോദിച്ചായിരുന്നു അവര്‍ അങ്ങനെ ചെയ്തത്.”

Read more

”അതെനിക്ക് വേണമെന്ന് പറഞ്ഞ് ഞാന്‍ അത് ധരിക്കുകയും ചെയ്തു. ലൊക്കേഷനിലേക്ക് എന്റെയൊപ്പം ഉണ്ടായിരുന്നത് മാമനായിരുന്നു. മാമിയാരേ എന്നാണ് മാമന്‍ പുളിയൂര്‍ സരോജത്തെ വിളിച്ചത്. പാവം എന്തിനാണ് അവളെ പേടിപ്പിക്കുന്നതതെന്ന് മാമന്‍ ചോദിച്ചിരുന്നു” എന്നാണ് ശോഭന പറയുന്നത്.