ഒരു കാലത്ത് മലയാള സിനിമ രംഗത്ത് നിറഞ്ഞ് നിന്ന നടിയായിരുന്നു മോനിഷ. ചെറുപ്രായത്തിൽ തന്നെ അഭിനയ രംഗത്ത് സജീവമായിരുന്ന നടി പക്ഷേ അകാലത്തിൽ ലോകത്തോട് വിട പറഞ്ഞിരുന്നു. മകളുടെ വേര്‍പാടുണ്ടാക്കിയ വേദനയ്ക്ക് പുറമേ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് അമ്മ ശ്രീദേവി ഉണ്ണിയും എത്തിയിരുന്നു. എന്നാല്‍ അവിടുന്നിങ്ങോട്ടുള്ള യാത്ര നിസാരമായിരുന്നില്ലെന്നാണ് ശ്രീദേവിയിപ്പോള്‍ പറയുന്നത്.
ഫ്‌ളവേഴ്‌സിലെ അമ്മമാരുടെ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് ശ്രീദേവി മകളെപ്പറ്റിയും അപകടത്തെപ്പറ്റിയും മനസ്സ് തുറന്നത്. മോനിഷയ്ക്ക് സംഭവിച്ച അപകടത്തില്‍ തനിക്കും ഗുരുതരമായ പരിക്ക് പറ്റിയിരുന്നു നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.
കാലുകളൊക്കെ പൊട്ടി വീല്‍ചെയറിലും ക്രച്ചസിലുമായിട്ടുള്ള ജീവിതമായി. ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ കുടുംബത്തിന്റെ മാത്രമല്ല പുറത്തു നിന്നുള്ള കുറേ സ്‌നേഹവും സപ്പോര്‍ട്ടും ലഭിച്ചു എന്നതാണ്. നമ്മളെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവര്‍ ആരൊക്കെയാണെന്ന് ആ കാലത്ത് അറിഞ്ഞതായി ശ്രീദേവി പറയുന്നു.
തന്റെ ഡോക്ടറായിരുന്ന ആര്‍ എം വര്‍മ്മയെ ജീവിച്ചിരിക്കുന്ന ദൈവമായിട്ടാണ് താൻ ഇന്നും കാണുന്നത്. തനിക്ക് വേണ്ടി അദ്ദേഹം ഒരു മണിക്കൂര്‍ ചിലവഴിച്ചു. എന്നെ അദ്ദേഹം മെല്ലെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ശ്രീദേവി, നിങ്ങളൊരു മോഹിനിയാട്ടം നര്‍ത്തകിയാണ്. നിങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ ചീഫ് ഗസ്റ്റായി മുന്നിലിരിക്കും. എന്ന് ഒക്കെ പറഞ്ഞ് എനിക്ക് അദ്ദേഹം പ്രചോദനം തന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. അത് പറഞ്ഞാല്‍ വലിയൊരു എപ്പിസോഡ് പോലെയാവുമെന്നും ശ്രീദേവി കൂട്ടിച്ചേര്‍ത്തു.
Read more
ആ സമയത്ത് എനിക്ക് തോന്നി താന്‍ ഇങ്ങനെ കിടന്നാല്‍ തന്റെ മകള്‍ക്ക് വേണ്ട കാര്യങ്ങളൊന്നും ചെയ്യാന്‍ പറ്റില്ല. ഡാന്‍സ്, പാട്ട്, അഭിനയം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മോനിഷയ്ക്ക് ചെയ്യാനുണ്ടായിരുന്നു. അത് എന്നിലൂടെ നടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും, മുള്ള് കൊണ്ട് തന്നെ മുള്ളിനെ എടുക്കണമെന്ന് പറയില്ലേ, അതുപോലെ എന്റെ വേദന കൊണ്ട് തന്നെ വേദനയെ എടുത്ത് കളഞ്ഞു. അനുഭവിച്ച് അനുഭവിച്ച് അതൊരു സുഖമാക്കി മാറ്റി എന്നുമാണ് ശ്രീദേവി പറയുന്നത്.