വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അനുശോചനവുമായി ഗായിക സുജാത മോഹൻ. നിങ്ങളെ ഇന്ന് രക്ഷിച്ചുകൊണ്ടുപോവുന്നവർ നിങ്ങളുടെ മതത്തിൽപെട്ടവരോ, നിങ്ങളുടെ പാർട്ടിയിൽപെട്ടവരോ, നിങ്ങളുടെ ബന്ധുക്കളോ അല്ലെന്നും സഹജീവികളെ സ്നേഹിച്ചു വളരണമെന്നും സുജാത പറയുന്നു.
“മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക…..നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക…
നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം…. ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന്. വയനാടിനൊപ്പം, പ്രാർത്ഥനകളോടെ.” എന്നാണ് സുജാത മോഹൻ കുറിച്ചത്.
ഉരുൾപൊട്ടലിനെ തുടർന്ന് 225 പേരെ കാണാതായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 3069 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മുണ്ടക്കൈയിൽ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നുണ്ട്.