പ്രൊപ്പഗാണ്ട ചിത്രമായ ‘ദ കേരള സ്റ്റോറി’ കേരളത്തിലെ കത്തോലിക്കാ സഭകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ ചിത്രം ദൂരദര്‍ശന്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ച് വിവാദമായിരുന്നു. പിന്നാലെയാണ് ഇടുക്കി രൂപതയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്.
താമരശേരി രൂപതയിലും തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ തീരുമാനം വിവാദമായതിന്റെ പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍. എക്‌സ് പോസ്റ്റിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
”ഞങ്ങള്‍ക്കറിയാം, ദ കേരള സ്റ്റോറി ഇന്ത്യന്‍ സിനിമയുടെ മിക്ക റെക്കോര്‍ഡുകളും തകര്‍ത്തു. ആഗോളതലത്തില്‍ നിരവധി ഹൃദയങ്ങളെ ഈ ചിത്രം സ്പര്‍ശിക്കുന്നു എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെയും വാദങ്ങളുമായി ആളുകള്‍ രംഗത്തുവരുന്നു.”
We know, #TheKeralaStory broken almost all the records of Indian cinema… for us, the most important thing is that it touches so many hearts globally that even after a year of release of the film, people are talking about it… People are coming up with large range of… pic.twitter.com/KvMTUN9kuG
— Sudipto SEN (@sudiptoSENtlm) April 9, 2024
”ഞങ്ങള്‍ ഇപ്പോള്‍ ഈ ചിത്രത്തെ വെറുക്കുന്ന പുതിയ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കാരണം നേരത്തേ ദ കേരള സ്റ്റോറിയെ വെറുത്തവരെല്ലാം ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറ്റിയിരിക്കുന്നു’ എന്ന് ഞാന്‍ കുറച്ച് ദിവസം മുമ്പ് എഴുതിയിരുന്നു.”
”എന്നാല്‍ സിനിമ കാണാത്ത, എന്നാല്‍ അതിനെ തങ്ങളുടെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന ചുരുക്കം രാഷ്ട്രീയക്കാരുണ്ട് എന്നതാണ് സങ്കടകരമായ കാര്യം. ദയവു ചെയ്ത് ഈ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു സിനിമയെ ഇത്തരത്തില്‍ രാഷ്ട്രീയവത്കരിക്കരുത്.”
”നിങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പരിഗണിക്കാതെ ഈ സിനിമ കാണാന്‍ ഒരിക്കല്‍ കൂടി എല്ലാവരെയും ക്ഷണിക്കുന്നു. കേരള സ്റ്റോറി കാണുക, നമ്മുടെ രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കുക, നമ്മുടെ രാജ്യത്തിനെതിരായ ഭീകരതയ്‌ക്കെതിരെ ശക്തമായി സംസാരിക്കുക” എന്നാണ് സുദീപ്‌തോ സെന്‍ പ്രതികരിച്ചിരിക്കുന്നത്.