സ്ത്രീധനത്തിന്റെ പേരില്‍ അദ്ധ്യാപികയെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചു; വെളിപ്പെടുത്തലുമായി നടി

സ്ത്രീധനത്തിന്റെ പേരില്‍ തന്റെ അദ്ധ്യാപികയെ ഭര്‍തൃവീട്ടുകാര്‍ ജീവനോടെ കത്തിച്ചെന്ന് രക്ഷാബന്ധന്‍ നടി സാദിയ ഖത്തീബ്. സ്‌കൂള്‍ പഠനകാലത്തെ തന്റെ കമ്പ്യൂട്ടര്‍ അദ്ധ്യാപികയുടെ മരണത്തെ സംബന്ധിച്ച് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു നടി.

സഹോദര സ്‌നേഹത്തിനപ്പുറം സ്ത്രീധനമെന്ന സാമൂഹിക തിന്മയിലേക്കും വെളിച്ചം വീശുന്നതാണ് അക്ഷയ് കുമാര്‍ ചിത്രമായ രക്ഷാബന്ധന്‍. ചിത്രത്തില്‍ ഗായത്രി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഈ വിഷയത്തെ അഭിസംബോധന ചെയ്ത് നടത്തിയ ഒരു അഭിമുഖത്തിലാണ് നടി സാദിയ ഖത്തീബ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്.

വളരെ സന്തോഷവതിയായി കാണപ്പെട്ടിരുന്ന തന്റെ ടീച്ചര്‍ വിവാഹത്തിന് ശേഷം വളരെ ഒതുങ്ങി കാണപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവരുടെ മരണവാര്‍ത്തയാണ് കേട്ടത്. വിവാഹത്തിനു പിറ്റേ ദിവസം മുതല്‍ക്കേ അവരോട് ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെടുമായിരുന്നു.

Read more

ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്റെ അദ്ധ്യാപികയെ ജീവനോടെ ചുട്ടു കൊന്നതാണെന്ന് നടി പറഞ്ഞു.ഇത് വളരെ സെന്‍സിറ്റീവായ വിഷയമാണെന്നും ഗൗരവമായിക്കാണേണ്ട ഒന്നാണിതെന്നും നടി കൂട്ടിച്ചേര്‍ത്തു.