ആടുജീവിതത്തിലെ നജീബിനെ അവതരിപ്പിച്ചതിന് തമിഴ് നടൻ സിമ്പുവിൽ നിന്ന് തനിക്ക് ലഭിച്ച അമൂല്യമായ ഒരു അഭിനന്ദനത്തേക്കുറിച്ച് തുറന്നു പറഞ്ഞ് പൃഥ്വിരാജ്. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് തനിക്ക് ലഭിച്ച അഭിനന്ദനത്തേക്കുറിച്ച് താരം പറഞ്ഞത്.
സിമ്പു പറഞ്ഞ അഭിപ്രായം മുൻപ് ആരും തന്നോട് പറഞ്ഞിട്ടില്ലാത്തതിനാൽ ആ വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റില്ലെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ‘ആടുജീവിതം കണ്ടിട്ട് നടൻ സിലമ്പരസൻ വിളിച്ചിരുന്നു. ചിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ അഭിനേതാക്കൾക്ക് ചില സിനിമകളിൽ ചില കഥാപാത്രങ്ങളിൽ ചില രംഗങ്ങൾ ചെയ്യുമ്പോൾ ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തോന്നും.
വേറൊരു അഭിനേതാവിനെ ഒരു സിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണെന്നാണ് ചിമ്പു പറഞ്ഞത്. ഇതിനുമുമ്പ് അങ്ങനെ ഒരു അഭിപ്രായം എന്നോട് ആരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ചിമ്പുവിന്റെ വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റില്ല’ എന്നാണ് താരം പറഞ്ഞത്.
അതേസമയം, ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ റിലീസിന് ഒരുങ്ങുകയാണ്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, ഇര്‍ഷാദ്, ജഗദീഷ്, പി.പി കുഞ്ഞികൃഷ്ണന്‍, സിജു സണ്ണി, രേഖ, മനോജ് കെ.യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മേയ് 16ന് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.