‘പുലിമുരുകന്’ സിനിമ നിര്‍മ്മിക്കാനായി എടുത്ത ലോണ്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഇതുവരെ അടച്ചു തീര്‍ക്കാനായിട്ടില്ല എന്ന് ടോമിന്‍ തച്ചങ്കരി നടത്തിയ പ്രസ്താവനയില്‍ വിശദീകരണം. ലോണ്‍ ഒക്കെ അടച്ചു തീര്‍ത്താണെന്നും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്ന് പറഞ്ഞു കൊണ്ടാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്തെത്തിയിരിക്കുന്നത്.
ഒരു അഭിമുഖത്തിലാണ് പുലിമുരുകന് വേണ്ടി നിര്‍മ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീര്‍ന്നിട്ടില്ലെന്നും സിനിമകളുടെ കളക്ഷന്‍ സംബന്ധിച്ച് കണക്ക് നിരത്തുന്നത് ആരാണോ, അവരുടെ ലാഭനഷ്ടങ്ങള്‍ക്ക് അനുസരിച്ച് കണക്ക് മാറ്റിക്കാണിക്കുമെന്നും പറഞ്ഞ് മുന്‍ പോലീസ് മേധാവിയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയുമായിരുന്ന ടോമിന്‍ തച്ചങ്കരി രംഗത്തെത്തിയത്.
എന്നാല്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നെടുത്ത 2 കോടിയുടെ ലോണ്‍ 2016 ഡിസംബര്‍ മാസത്തില്‍ തന്നെ അടച്ചു തീര്‍ക്കുകയും ചെയ്തിരുന്നു. സിനിമയെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടോമിച്ചന്‍ വ്യക്തമാക്കി.
ടോമിച്ചന്‍ മുളകുപാടത്തിന്റെ കുറിപ്പ്:
ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹന്‍ലാല്‍ നായകനായ, വൈശാഖ് ഒരുക്കിയ പുലിമുരുകന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിര്‍മ്മിക്കാന്‍ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറാന്‍ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് രംഗത്ത് വന്നത് ശ്രദ്ധയില്‍ പെട്ടു. അതില്‍ അവര്‍ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്.
പ്ലാന്‍ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതല്‍ ചിലവായ ചിത്രമായിരുന്നു എങ്കിലും, എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലിമുരുകന്‍. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ 2 കോടി രൂപയുടെ ലോണ്‍ എടുത്തത്. ആ ലോണ്‍ പൂര്‍ണ്ണമായും 2016 ഡിസംബര്‍ മാസത്തില്‍ തന്നെ അടച്ചു തീര്‍ക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ ഇന്‍കം ടാക്‌സ് അടച്ചത്. അത്രയധികം തുക ഇന്‍കം ടാക്‌സ് അടക്കണമെങ്കില്‍ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസിലാക്കാന്‍ സാധിക്കുമല്ലോ..
അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എനിക്ക് സാധിച്ചതിലും പുലിമുരുകന്‍ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വെറും മൂന്നാഴ്ചയില്‍ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളില്‍ ആകെ ബിസിനസ് നടന്ന ചിത്രമാണ് പുലിമുരുകന്‍. അത്‌കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങള്‍ക്ക് മുന്നിലെത്തും.