ഐപിഎലില്‍ നാല് കളികളില്‍ മൂന്നും ജയിച്ച് പോയിന്റ് ടേബിളില്‍ മുന്നിലെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പഞ്ചാബ് കിങ്‌സിനെതിരെ മാത്രമാണ് ടൂര്‍ണമെന്റില്‍ ഇത്തവണ ഗുജറാത്ത് തോറ്റത്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ ആയിരുന്നു ഗുജറാത്തിന്റെ ഒടുവിലത്തെ ജയം. ഈ മത്സരത്തിലൂടെയാണ് വാഷിങ്ടണ്‍ സുന്ദര്‍ ഗുജറാത്ത് ടീമിനായി അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ 49 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു താരം. രാജസ്ഥാനെതിരെയാണ് ഇന്ന് ഗുജറാത്തിന്റെ അടുത്ത മത്സരം.
മാച്ചിന് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ പ്രകോപനപരമായ ചോദ്യത്തിന് ചുടായികൊണ്ടുളള സുന്ദറിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കഴിഞ്ഞ സീസണില്‍ സുന്ദര്‍ രണ്ട് ഐപിഎല്‍ മത്സരങ്ങളും 14 അന്താരാഷ്ട്ര മത്സരങ്ങളും മാത്രമേ കളിച്ചിട്ടുളളൂ എന്ന് ഒരു കമന്റേറ്റര്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന ഒരു അഭിപ്രായത്തെ പരാമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ആരംഭിച്ചത്. ഒരു അവസരം ലഭിക്കാന്‍ നിങ്ങള്‍ക്ക് നാലാമത്തെ മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ നിങ്ങള്‍ രണ്ട് മത്സരങ്ങളും 14 മത്സരങ്ങളും കളിച്ചതായി ആരോ പരാമര്‍ശിച്ചു.
ഇതിന് മറുപടിയായി ചൂടായി കൊണ്ട് എന്താണ് നിങ്ങളുടെ ചോദ്യം എന്നായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍ ചോദിച്ചത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും പ്രകോപനപരമായി സംസാരിച്ചു. സുന്ദറും ഇതുപോലെ പരാമര്‍ശം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടര്‍ പറഞ്ഞത്. ഇതിന് മറുപടിയായി ഞാന്‍ അങ്ങനെ പറഞ്ഞോ? ഞാന്‍ എപ്പോഴാണ് അങ്ങനെ പറഞ്ഞത്? ഞാന്‍ പറഞ്ഞത് നീ കേട്ടോ എന്നായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍ ചോദിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഈ അവകാശവാദം വന്നത് സുന്ദറില്‍ നിന്നല്ല, മറ്റൊരു കമന്റേറ്ററില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി. ചൂടായിനിന്ന സുന്ദറിനെ കൂളാക്കിയാണ് റിപ്പോര്‍ട്ടര്‍ ഇക്കാര്യം പറഞ്ഞത്.