ഐഎന്‍എസ് വിക്രാന്തിന് കരുത്ത് പകരാന്‍ 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍; 63,000 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കി; കരാര്‍ ഫ്രാന്‍സ് സര്‍ക്കാരുമായി

ഫ്രാന്‍സില്‍ നിന്ന് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഫ്രാന്‍സില്‍ നിന്ന് 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാര്‍ ഒപ്പുവയ്ക്കുക. റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കേന്ദ്ര മന്ത്രിസഭ സമിതി അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഫ്രാന്‍സ് സര്‍ക്കാരുമായാണ് കരാറിലേര്‍പ്പെടുക.

ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. കരാര്‍ അനുസരിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഡബിള്‍ സീറ്റ് വിമാനങ്ങളും ലഭിക്കും. ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയിരുന്നു.

പ്രതിരോധ മന്ത്രാലയം 2023 ജൂലൈയില്‍ തന്നെ കരാറിന് പച്ചക്കൊടി കാട്ടിയിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ യുദ്ധവിമാനങ്ങളുടെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2029 അവസാനത്തോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് ആദ്യ ബാച്ച് യുദ്ധ വിമാനങ്ങള്‍ ലഭിച്ചേക്കും. 2031 ഓടെ കരാര്‍ പ്രകാരമുള്ള എല്ലാ വിമാനങ്ങളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഐഎന്‍എസ് വിക്രാന്തിനൊപ്പം ഐഎന്‍എസ് വിക്രമാദിത്യയിലും ഉള്‍പ്പെടുത്താനാണ് നീക്കം.

Read more

കാലഹരണപ്പെടുന്ന മിഗ്-29കെ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം ക്രമേണ നിര്‍ത്തലാക്കും. പുതിയ റഫേല്‍ മറൈന്‍ ജെറ്റുകള്‍ക്ക് പറക്കുന്നതിനിടയില്‍ പരസ്പരം ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്നവയാണ്. വ്യോമസേനയുടെ കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങളെ കുറിച്ച് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.