‘പൊന്നിയിന്‍ സെല്‍വന്‍’ ചെയ്യാനായി തന്നെ ആദ്യം വിളിച്ചത് കമല്‍ഹാസന്‍ ആയിരുന്നുവെന്ന് വിക്രം. കമല്‍ഹാസന്റെ ക്ഷണം നിരസിച്ചതിനെ കുറിച്ചാണ് വിക്രം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലായ പൊന്നിയിന്‍ സെല്‍വന്‍ സിനിമയാക്കാന്‍ കമല്‍ഹാസന്‍ ഒരുങ്ങിയിരുന്നുവെങ്കിലും അത് നടന്നില്ല.
‘പിഎസ്2’ ഏപ്രില്‍ 28ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് വിക്രം സംസാരിച്ചത്. ”ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാല്‍ ഒരിക്കല്‍ കമല്‍ സാര്‍ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ച് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കാനുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞിരുന്നു.”
”ടെലിവിഷന്‍ സീരിയല്‍ ആയി ഒരുക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. അതില്‍ നീ അഭിനയിക്കണം, ഏത് വേഷം വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നായിരുന്നു കമല്‍ സാര്‍ എന്നോട് അന്ന് പറഞ്ഞത്. മൂന്ന് കഥാപാത്രങ്ങളില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാന്‍ എന്നോട് പറഞ്ഞു. ഞാന്‍ ബുക്ക് വായിക്കട്ടെ എന്ന് പറഞ്ഞു.”
”ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്കത് ചെയ്യാന്‍ താത്പര്യമില്ല, ഇത് ടിവിക്ക് വേണ്ടി ആയതു കൊണ്ട് നിങ്ങള്‍ ചിന്തിച്ച് തീരുമാനം എടുക്കണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ അദ്ദേഹത്തിനടുത്ത് പോയി ഇത് ബിഗ് സ്‌ക്രീനില്‍ വരാനായാണ് കാത്തിരിക്കുന്നത് എന്നായിരുന്നു പറഞ്ഞത്” എന്നാണ് വിക്രം പറയുന്നത്.
Read more
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ആദിത്യ കരികാലന്‍ എന്ന കഥാപാത്രമായാണ് വിക്രം വേഷമിടുന്നത്. ആദ്യഭാഗത്തെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി, പ്രഭു, ജയറാം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.