അഹങ്കാരം കൊണ്ട് താന്‍ വേണ്ടെന്ന് വച്ച സിനിമയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ചിത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നു. എന്നാല്‍ താന്‍ ആ സിനിമ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് വിന്‍സി സംസാരിച്ചത്. ഒരു കുമ്പസാരം പോലെ നിങ്ങളോട് പറയാം എന്ന് പറഞ്ഞു കൊണ്ടാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് വേണ്ടെന്ന് വച്ചതിനെ കുറിച്ച് വിന്‍സി സംസാരിച്ചത്.
”ഒരു കുമ്പസാരം പോലെ നിങ്ങളോട് പറയാം, എന്റെ വീട്ടുകാര്‍ക്ക് ഒന്നും അറിയില്ല. അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ ചിത്രം ഇപ്പോള്‍ കാന്‍സില്‍ അവരെ എത്തി നില്‍ക്കുന്ന ഒരു സിനിമയാണ്. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്നാണ് ആ സിനിമയുടെ പേര്.”
”ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവരൊക്കെയായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. അടുത്തകാലത്തായി എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. അത് ഞാന്‍ എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമായിരുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് പോയതാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാന്‍.”
”ഉള്ളില്‍ പ്രാര്‍ത്ഥന നന്നായി വേണം. പ്രാര്‍ത്ഥന ഇല്ലാതിരുന്ന സമയം എനിക്ക് ഉണ്ടായിരുന്നു. ആ സമയത്തുള്ള വ്യത്യസം ഇപ്പോള്‍ നന്നായി കാണാം. പ്രാര്‍ത്ഥന ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ എത്തേണ്ട ഇടത്ത് എത്തിയിരുന്നു” എന്നാണ് വിന്‍സി പറയുന്നത്. അതേസമയം, പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ഗ്രാന്‍ പ്രീ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഇപ്പോള്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.