ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-3നു കൈവിട്ട ഇന്ത്യന്‍ ടീമിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. പരമ്പര നഷ്ടമായതില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് ഗാംഗുലി കുറ്റപ്പെടുത്തിയത്. ബാറ്റര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് ദാദ ചൂണ്ടിക്കാട്ടി.
നമ്മള്‍ നന്നായി ബാറ്റ് ചെയ്തില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ നന്നായി ബാറ്റ് ചെയ്തേ തീരുകയുള്ളൂ. അതിനു കഴിഞ്ഞില്ലെങ്കില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ ജയിക്കാനും നിങ്ങള്‍ക്കു സാധിക്കില്ല.
170-180 റണ്‍സാണ് നിങ്ങള്‍ നേടുന്നതെങ്കില്‍ ടെസ്റ്റില്‍ ഒരിക്കലും ജയിക്കാന്‍ കഴിയില്ല. 350-400 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ മാത്രമേ ടെസ്റ്റില്‍ ജയിക്കുകയുള്ളൂ. പേരെടുത്ത് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. എല്ലാവരും റണ്‍സ് നേടിയേ തീരൂ- ഗാംഗുലി പറഞ്ഞു.
Read more
വിരാട് കോഹ്്‌ലിക്കു എന്തുകൊണ്ട് തന്റെ വീക്ക്നെസ് പരിഹരിക്കാന്‍ കഴിയുന്നില്ലെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം വളരെ മഹാനായിട്ടുള്ള ക്രിക്കറ്ററാണ്. തന്റെ ഇപ്പോഴത്തെ ഈ പ്രശ്നത്തെ മറികടക്കാന്‍ വിരാടിനു സാധിക്കുമെന്നു എനിക്കുറപ്പുണ്ട്- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.