സിനിമ റിലീസ് ചെയ്തത് പോലും ഞാന്‍ അറിഞ്ഞിട്ടില്ല; സംവിധായകന്റെ ആരോപണങ്ങള്‍ തള്ളി വിനു മോഹന്‍

സിനിമ റിലീസ് ചെയ്തത് പോലും അറിയിക്കാതെ താന്‍ എങ്ങനെയാണ് ചിത്രത്തിന് വേണ്ടി സഹകരിക്കുന്നതെന്ന് നടന്‍ വിനു മോഹന്‍. ‘ഒരു പക്കാ നാടന്‍ പ്രേമം’ എന്ന സിനിമയുടെ പ്രമോഷന് വിനു മോഹന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ സഹകരിക്കുന്നില്ലെന്ന പരാതിയുമായി സംവിധായകന്‍ വിനോദ് നെട്ടത്താന്നി രംഗത്തുവന്നിരുന്നു.

ഈ ആരോപണത്തിനാണ് വിനു മോഹന്‍ മറുപടിയായി എത്തിയിരിക്കുന്നത്. ആകെ നാല് ദിവസമാണ് സിനിമയില്‍ താനും ഭാര്യ വിദ്യയും അഭിനയിച്ചിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ സംവിധായകന്‍ അയക്കാറുണ്ടായിരുന്നു. അതല്ലാതെ മറ്റ് റെസ്‌പോണ്‍സ് ഒന്നും കിട്ടിയിരുന്നില്ല.

പടം ഇറങ്ങിയത് ഔദ്യോഗികമായി തന്നെ ഇപ്പോഴും അറിയിച്ചിട്ടില്ല. പടം റിലീസ് ചെയ്തത് പോലും താന്‍ അറിഞ്ഞിട്ടില്ല. പിന്നെ എന്താണ് അദ്ദേഹം ഇങ്ങനെ പറയുന്നത് എന്നൊന്നും അറിയില്ല. തന്റെ വല്യച്ഛന്‍ മരിച്ചിട്ട് രണ്ടുമൂന്നു ദിവസമായി. താന്‍ അതിന്റെ തിരക്കിലുമായിരുന്നു എന്നാണ് വിനു മോഹന്‍ പറയുന്നത്.

Read more

ഒക്ടോബര്‍ 14ന് ആണ് ഒരു പക്കാ നാടന്‍ പ്രേമം എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എഎംഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം ആണ് ചിത്രം നിര്‍മ്മിച്ചത്. ഭഗത് മാനുവല്‍, മധുപാല്‍, കലാഭവന്‍ ഹനീഫ് തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.