'മെഗാസ്റ്റര്‍' എന്ന ടൈറ്റില്‍ വയ്ക്കാന്‍ മമ്മൂക്ക സമ്മതിക്കില്ല, എന്നാല്‍ അത് വേണമെന്ന് പറഞ്ഞ് ഫാന്‍സ് മെസേജ് അയക്കും..: വൈശാഖ്

തനിക്ക് മെഗാസ്റ്റാര്‍ എന്ന് വിളിക്കുന്നതില്‍ വലിയ താല്‍പര്യമില്ലെന്ന് വ്യക്തിയാക്കിയ താരമാണ് മമ്മൂട്ടി. ദുബായ് മാധ്യമങ്ങളാണ് തന്നെ ആദ്യം അങ്ങനെ വിളിച്ചത്. എന്നാല്‍ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. ഇതിനിടെ മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ തന്റെ സിനിമകളില്‍ ഉപയോഗിക്കുന്നതിനോടും മമ്മൂട്ടിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.

‘ടര്‍ബോ’ സിനിമയില്‍ പള്ളിപെരുന്നാല്‍ ഫൈറ്റിനിടെ ‘മെഗാ ഷോ’ എന്ന ടൈറ്റില്‍ വച്ചതിന് പിന്നിലെ കാരണം പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. മമ്മൂക്ക മെഗാസ്റ്റാര്‍ ടൈറ്റില്‍ വെക്കാന്‍ സമ്മതിക്കില്ല. മമ്മൂട്ടി കമ്പനി സിനിമകളില്‍ മാത്രമല്ല, മുമ്പ് തന്നെ അങ്ങനെ തന്നെയാണ്.

സിനിമകള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പേജില്‍ ആ സിനിമകളുടെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യുമല്ലോ. അതില്‍ പോലും മെഗാസ്റ്റാര്‍ എന്ന് ഉപയോഗിക്കില്ല. മെഗാസ്റ്റാര്‍ മാറ്റി മമ്മൂട്ടി എന്ന് മാത്രമാക്കിയ ശേഷമാണ് അദ്ദേഹത്തിന് പോസ്റ്റര്‍ കൊടുക്കാറുള്ളത്. ഇത്തവണയും അദ്ദേഹം മെഗാസ്റ്റാര്‍ ടൈറ്റില്‍ വയ്ക്കാന്‍ സമ്മതിച്ചില്ല.

ഇപ്പുറത്ത് മമ്മൂട്ടി ഫാന്‍സ് രാവിലെ മുതല്‍ വൈകുന്നേരം വരെ ഞങ്ങള്‍ക്ക് മെഗാസ്റ്റാര്‍ ടൈറ്റില്‍ വേണമെന്ന് മെസേജ് അയച്ചുകൊണ്ടിരിക്കും. ഞാന്‍ ആലോചിച്ചിട്ട് ഇത് രണ്ടും കൂടി പരിഹരിക്കാന്‍ പറ്റുന്ന ഏക മാര്‍ഗ്ഗം ആ മെഗാസ്റ്റാര്‍ ഷോ ആണ്. അത് മമ്മൂക്കയോട് പറഞ്ഞുമില്ല. അതുകൊണ്ടാണ് ആ ഷോട്ട് തിരിച്ചുവെച്ചത്. മമ്മൂക്ക കാണാത്ത വിധത്തിലാണ് അത് വെച്ചത്.

ഷോട്ടിന്റെ സമയത്ത് മാത്രമാണ് അത് കത്തിച്ചത്. അതുവരെ അത് ഓഫ് ചെയ്തുവെച്ചു. ഷോട്ട് എടുത്തുകഴിഞ്ഞാണ് മമ്മൂക്ക അത് കണ്ടത്. എന്നെ ഒന്ന് നോക്കി. ഞാന്‍ അപ്പോള്‍ ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ചു, മമ്മൂക്ക ഒന്നും പറഞ്ഞില്ല എന്നാണ് വൈശാഖ് പറയുന്നത്.

Read more