'ഇപ്പോ മനസ്സിലായില്ലേ ചിലതൊക്കെ ശരിയാക്കാന്‍ സിനിമയ്ക്കും പരസ്യവാചകങ്ങള്‍ക്കും പറ്റുമെന്ന്'

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഈ സിനിമയുടെ റിലീസ് ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററും വൈറലായിരിക്കുകയാണ്.എന്‍എച്ച്എഐയുടെ കുഴി റിപ്പോര്‍ട്ട് ചെയ്യുന്ന ആപ്പിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്കൊപ്പമാണ് ‘ന്നാ താന്‍ കേസ് കൊട്’ ടീമിന്റെ പുതിയ പോസ്റ്റര്‍. ‘ഇപ്പോ മനസിലായില്ലേ ചിലതൊക്കെ ശരിയാക്കാന്‍ സിനിമയ്ക്കും പരസ്യവാചകങ്ങള്‍ക്കും പറ്റുമെന്ന്’ എന്ന് പോസ്റ്ററില്‍ ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.

ഈ മാസം 11ന് റിലീസ് ചെയ്ത ചിത്രം 25 കോടിയ്ക്ക് മുകളിലാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗായത്രി ശങ്കറാണ് നായിക. ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്സ്’എന്നീ തമിഴ് ചിത്രങ്ങളില്‍ ആണ് ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുള്ളത്. കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Read more