മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു; ആഷിക് അബു അടക്കമുള്ളവർ തലപ്പത്ത്

മലയാള സിനിമയിൽ പുതിയ സംഘടന പ്രഖ്യാപിക്കാനൊരുങ്ങുന്നു. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നാണ് വാഗ്ദാനം.

സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങിയിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളിൽ വേര് ഊന്നി പ്രവർത്തിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അതേസമയം ഹേമ കമ്മിറ്റി റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.

അതേസമയം കോടതി വിധി ലംഘിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടെന്നാരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ ഡബ്ള്യുസിസി മുഖ്യമന്ത്രിക്ക് പരാതി നൽകി. റിപ്പോർട്ടർ ടിവി നടത്തിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സ്വകാര്യത മാനിക്കണമെന്ന കോടതി ഉത്തരവ് റിപ്പോർട്ടർ ടിവി ലംഘിച്ചുവെന്നും പരാതിയിൽ പറയുന്നു.