ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി എ. ആര്‍ റഹ്‌മാൻ; ലിസ്റ്റില്‍ നടി ശ്രുതി ഹസനും

ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി എ.ആര്‍ റഹ്‌മാനെ തിരഞ്ഞെടുത്ത് ന്യൂയോര്‍ക്ക് പ്രസ് ന്യൂസ് ഏജന്‍സി. ഗായകനും സംഗീതജ്ഞനുമായ സോനു നിഗം ആണ് രണ്ടാമത്. നടി ശ്രുതി ഹസന്‍, എന്നിവരും ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്ത് അവസാനമായി വേഷമിട്ട “ദില്‍ ബേചാര”യാണ് റഹ്‌മാൻ സംഗീതമൊരുക്കിയ പുതിയ ചിത്രം.

മണിരത്‌നത്തിന്റെ “പൊന്നിയിന്‍ സെല്‍വന്‍”, വിക്രം നായകനാകുന്ന “കോബ്ര”, ധനുഷിന്റെ ബോളിവുഡ് ചിത്രം “അത്രങ്കി ദേ” തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് ഇനി റഹ്‌മാൻ സംഗീതമൊരുക്കുക. “റോജ” എന്ന ചിത്രത്തിലൂടെയാണ് എ.ആര്‍ റഹ്‌മാൻ സംഗീത ലോകത്ത് എത്തുന്നത്. ഇന്ത്യന്‍ സംഗീതലോകത്ത് ഹിറ്റുകളുടെ പെരുമഴക്കാലം സമ്മാനിച്ച റഹ്‌മാനെ “മൊസാര്‍ട് ഓഫ് മദ്രാസ്”എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ആദ്യചിത്രത്തിന്റെ സംഗീതത്തിനു ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ ആണ് റഹ്‌മാൻ. രണ്ട് ഓസ്‌കാര്‍ പുരസ്‌കാരം, രണ്ട് ഗ്രാമി പുരസ്‌കാരം, ബാഫ്ത പുരസ്‌കാരം, നാല് ദേശീയ പുരസ്‌കാരം, 15 ഫിലിം ഫെയര്‍ പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്.

ഏഷ്യയിലെ സ്വാധീനമുള്ള വ്യക്തിയായി തിരഞ്ഞെടുത്തത് ശ്രുതി ഹസന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഭിനയത്തിനപ്പുറം ഗായിക, സംഗീതജ്ഞ എന്നീ നിലകളിലും ശ്രുതി, കഴിവ് തെളിയിച്ചിട്ടുണ്ട്.

https://www.instagram.com/p/CCq62luBACF/