"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ വെറ്ററൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ കുറച്ച് ദിവസം മുന്നേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളോടും അദ്ദേഹം വിട പറഞ്ഞു. ഗാബ ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് ശർമ്മയ്ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യൻ സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വികാരനിർഭരമായ നിമിഷമായിരുന്നു അശ്വിന്റെ വിടവാങ്ങൽ.

രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് ഒരുപാട് താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്ക് വെച്ചിരുന്നു. അതിൽ ആരാധകർ ഏറ്റെടുത്ത കുറിപ്പായിരുന്നു ഇന്ത്യൻ യുവ താരം വാഷിംഗ്‌ടൺ സുന്ദറിന്റേത്. അദ്ദേഹത്തിനുള്ള മറുപടിയും രവിചന്ദ്രൻ അശ്വിൻ കൊടുത്തിട്ടുണ്ട്.

വാഷിംഗ്‌ടൺ സുന്ദർ കുറിച്ചത് ഇങ്ങനെ:

“ഒരു ടീമംഗമെന്നതിനേക്കാൾ സ്പിൻ ബൗൾ കൈകാര്യം ചെയ്യുന്നതിൽ ഏറെ പ്രചോദനമായിരുന്നു നിങ്ങൾ. ഒരേ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന താരങ്ങളെന്ന നിലയിൽ ചെപ്പോക്കിൽ ഒരുമിച്ചും എതിരായും കളിച്ചത് കരിയറിനെ കൂടുതൽ മൂർച്ചയുള്ളതാക്കി. താങ്കളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കടം കൊണ്ടിട്ടുണ്ട്, എന്റെ കരിയറിൽ എന്റെ സമ്പത്തായി അത് നിലനിൽക്കും” വാഷിംഗ്‌ടൺ കുറിച്ചു.

വിജയ് സിനിമയായ ‘ഗോട്ടിലെ’ ഡയലോഗ് ചേർത്തായിരുന്നു വാഷിംഗ്‌ടൺ സുന്ദറിന് മറുപടിയായി രവിചന്ദ്രൻ അശ്വിൻ കുറിച്ചത്:

‘തുപ്പാക്കി പുടിങ്കാ വാഷി’. എന്നെ കുറിച്ച് നീ നമ്മുടെ ഗെറ്റ് ടുഗെദറിന് 2 മിനിറ്റ് സംസാരിച്ചതായിരുന്നു എനിക്ക് പ്രിയപ്പെട്ടതാണ്” രവിചന്ദ്രൻ അശ്വിൻ കുറിച്ചു.