'കഥാപാത്രങ്ങള്‍ക്കുള്ളില്‍ തന്റേതായ അഭിനയ സമവാക്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച നടനായിരുന്നു മുരളി, കച്ചവട കുതന്ത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു'

നടന്‍ മുരളി ഓര്‍മ്മയായിട്ട് പത്തു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അദ്ദേഹത്തെക്കുറിച്ച് ഡോ. സുനില്‍ നാരായണന്‍ സിനിമാ പാരഡീസോ ക്ലബ്ബിലെഴുതിയ കുറിപ്പ് വൈറലാകുകയാണ്.

Dr. സുനില്‍ നാരായണന്‍ എഴുതുന്നു…

പ്രീഡിഗ്രിക്ക് പഠിയ്ക്കുമ്പോഴാണ് വല്യേട്ടന്റെ ഉറ്റമിത്രമായ മുരളി നായകനായ “ഞാറ്റടി” എന്ന ചലച്ചിത്രം കാണാന്‍ ടാഗോര്‍ തീയറ്ററില്‍ പോയത്. അതൊരു പ്രിവ്യു ഷോ ആയിരുന്നെന്നാണെന്റെ ഓര്‍മ്മ. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാകണം ബ്‌ളാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച ആ ചിത്രം റിലീസായില്ല. ശബ്ദമിശ്രണം ചിത്രീകരണത്തോടൊപ്പം തന്നെ പകര്‍ത്തിയതിനാല്‍ സംഭാഷണങ്ങള്‍ തീയറ്ററില്‍ കേള്‍ക്കാനുമായില്ല. ചിത്രത്തിന്റെ ഒരു ബാക്കി പത്രവും ഓര്‍മ്മയിലിപ്പോള്‍ തെളിയുന്നില്ല. പിന്നീട് ഭരത് ഗോപിയാണ് ആ ചിത്രം സംവിധാനം ചെയ്തതെന്ന് അറിയാന്‍ കഴിഞ്ഞു. അങ്ങനെ നടന്‍ ഭരത് മുരളിയുടെ റിലീസാകാത്ത ആദ്യ ചിത്രം ക്ഷണിക്കപ്പെട്ട പ്രേക്ഷകര്‍ക്കൊപ്പം കാണാനുള്ള ഭാഗ്യം എനിയ്ക്കുണ്ടായി.

പിന്നീട് അരവിന്ദന്റെ ചിദംബരത്തിലും ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യനിലും ശ്രദ്ധേയമായ റോളുകള്‍ ചെയ്യാന്‍ മുരളിയ്ക്കായി. അന്നൊക്കെ ആ നടന്റെ ഭാവിയില്‍ തല്പരനുമായിരുന്നു. ഹരിഹരന്റെ പഞ്ചാഗ്‌നിയിലെ വില്ലന്‍ കഥാപാത്രം മുരളി എന്ന നടനെ മെയിന്‍ സ്ട്രീം മലയാള സിനിമയുടെ ചട്ടക്കൂട്ടിനകത്തെത്തിച്ചു. വില്ലനായും സഹനടനായും നായകനായും നിരവധി റോളുകളില്‍ ആ കുടവട്ടൂര്‍കാരനെ ജനം ഇഷ്ടപ്പെട്ടു തുടങ്ങിയ എണ്‍പതുകള്‍ ഓര്‍മ്മ വരുന്നു.

യൂണിവേഴ്‌സിറ്റി കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ വൈകുന്നേരങ്ങളില്‍ നീളന്‍ ജൂബായും പാന്റ്‌സുമിട്ട് തോളില്‍ നീളന്‍ തുണിസഞ്ചിയുമായി പടിഞ്ഞാറന്‍ ഗേയ്റ്റ് കടന്ന് നിത്യവും അയാള്‍ വന്നു. ഇംഗ്ലീഷ് വകുപ്പില്‍ നിന്നും മറ്റൊരു തോള്‍സഞ്ചിയുമായി ഒരു താടിക്കാരന്‍ അയാളെ അനുഗമിക്കുന്ന കാഴ്ച ഞങ്ങള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. കോളേജിന് എതിര്‍വശത്തുള്ള ബസ്സ്റ്റാന്‍ഡില്‍ നിന്നും കിഴക്കേകോട്ട വരെ കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര. എന്റെയും റൂട്ട് അതായതിനാല്‍ പലപ്പോഴും ഒന്നിച്ചൊരു യാത്ര തരാകും. നാട്യഗൃഹം നാടകസംഘത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പ് ആയ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌ക്കൂളിലേയ്ക്കായിരുന്നു ഇരുവരുടേയും യാത്ര. ഒന്നു രണ്ടു തവണ റിഹേഴ്‌സല്‍ കാണാനുള്ള യോഗവുമുണ്ടായി. നരേന്ദ്രപ്രസാദ് സാറും മുരളിയുമായുള്ള നാടക സൗഹൃദമാണ് പറഞ്ഞു വന്നത്.

പിന്നെ പിന്നെ മുരളി സ്പര്‍ശമുള്ള എത്രയെത്ര കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ കാണാനായി. ആടിത്തിമര്‍ത്ത് മലയാള ചലച്ചിത്ര ലോകത്തെ ഒരു അനിഷേധ്യ സാന്നിധ്യമായി നടന്‍ മുരളി മാറിയ കാഴ്ചയും കാണാനായി. വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പൂട്ടി, മുരളി പകര്‍ന്നാടിയ വേഷങ്ങള്‍ പലതായിരുന്നു. നെയ്ത്തകാരനിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും മുരളിയെ തേടിയെത്തി. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും രണ്ട് തവണ സഹനടനുള്ള പുരസ്‌കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ വേറെയും. 2013 ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആയിരുന്നു അവസാന ചിത്രം.

മോഹന്‍ലാലുമായി ചേര്‍ന്ന് മുരളി അനശ്വരമാക്കിയ ചില ചിത്രങ്ങള്‍ ഓര്‍മ്മയിലെത്തുന്നു. പഞ്ചാഗ്‌നി, അയിത്തം, ദശരഥം,വരവേല്പ്, അപ്പു, ധനം, വിഷ്ണുലോകം, ഉള്ളടക്കം, ലാല്‍സലാം, സദയം, കമലദളം തുടങ്ങിയ എണ്‍പതുകളിലെ ചിത്രങ്ങള്‍. മമ്മൂട്ടിയുമായി മതിലുകള്‍, അര്‍ത്ഥം, കുട്ടേട്ടന്‍, അമരം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, കൗരവര്‍, മഹാനഗരം, ദി കിംഗ്, തുടങ്ങിയ ആദ്യകാല ചിത്രങ്ങളില്‍ മുരളി ഒരു നടനെന്ന നിലയിലും താരമെന്ന പകിട്ടിലും തിളങ്ങിയെന്നു തന്നെ പറയാം. മുന്‍നിര താരങ്ങളോടൊപ്പം കാമ്പുള്ള കഥാപാത്രങ്ങള്‍ ആ നടനെ തേടിയെത്തിയ കാലം. മുരളി അഭിനയ ലോകത്ത് നിറസാന്നിധ്യമായി. പ്രമുഖ സംവിധായകര്‍ ആ നടന്റെ കഴിവുകള്‍ ഉപയോഗിക്കാനും തുടങ്ങി.

നീയെത്ര ധന്യയില്‍ നായകനായി തുടങ്ങിയ മുരളിയുടെ അഭിനയ ജീവിതം വളയം, ചമ്പക്കുളം തച്ചന്‍, ആധാരം, വെങ്കലം, ചമയം, മഗ്രിബ്, ആകാശദൂത് കാണാക്കിനാവ്, ഗര്‍ഷോം, നെയ്ത്തുകാരന്‍, പ്രവാസം, കണ്ണാടിക്കടവത്ത്, താലോലം, സമ്മോഹനം, ജനം,നാരായം തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ നായക കഥാപാത്രങ്ങളിലൂടെ മുന്നോട്ടു പോയി. ഒ എന്‍ വി – ദേവരാജന്‍ കൂട്ടുകെട്ട് നീണ്ട ഒരിടവേളയ്ക്കു ശേഷം ഗാന നിര്‍മ്മിതിയില്‍ ഒത്തുചേര്‍ന്നപ്പോള്‍ അതി മനോഹരമായ റൊമാന്റിക് ഗാനം “അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ “പിറന്നു. പക്ഷേ നടന്‍ മുരളി ആ ഗാന രംഗത്ത് തീര്‍ത്തും അണ്‍ റൊമാന്റിക് ആയിപ്പോയി എന്നും പറയാതെ വയ്യ. നേരേ മറിച്ച് എന്നും പരുക്കന്‍ കഥാപാത്രങ്ങള്‍ ആ കൈയ്യില്‍ സുരക്ഷിതമായിരുന്നു.

ജയറാമുമായി കേളി,കാരുണ്യം, കൈക്കുടന്ന നിലാവ്, തൂവല്‍ക്കൊട്ടാരം,ദിലീപുമായി സിഐഡി മൂസ, കൊച്ചി രാജാവ്, വിനോദയാത്ര, ഗ്രാമഫോണ്‍, തിലകനുമായി ഏകാന്തം, പൃഥ്വീരാജുമായി വാസ്തവം, സുരേഷ് ഗോപിയുമായി കല്ലുകൊണ്ടൊരു പെണ്ണ്, ദി ടൈഗര്‍, പത്രം,ബിജു മേനോനുമായി ശിവം, മനോജ് കെ ജയനുമായി സ്പര്‍ശം തുടങ്ങിയ ചിത്രങ്ങളില്‍ നടന്‍ മുരളി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. എപ്പോഴും നായകനായല്ല മറിച്ച് സഹനടനായ മുരളിയെയാണ് മലയാളികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് തോന്നുന്നു.

കഥാപാത്രങ്ങള്‍ക്കുള്ളില്‍ തന്റേതായ അഭിനയ സമവാക്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു ഒരു നടനായിരുന്നു മുരളിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വന്തം കഴിവിലും പരിമിതിയിലും തികഞ്ഞ ബോധ്യവുമുണ്ടായിരുന്ന അഭിനേതാവ്.സിനിമയുടെ കച്ചവട കുതന്ത്രങ്ങളുടെ ഭാഗമാകാന്‍ ഭരത് മുരളി തയ്യാറായില്ല എന്ന് ചരിത്രം സാക്ഷി. ഭാവാഭിനയത്തിന്റെയും ശരീരഭാഷയുടെയും ശബ്ദവിന്യാസത്തിന്റെയും തനതായ വിന്യാസത്തിലൂടെ മലയാള ചലച്ചിത്ര നാടക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച നടനാണ് മുരളിയെന്ന് വരും തലമുറ തീര്‍ച്ചയായും ആ അഭിനയപ്രതിഭയെ അടയാളപ്പെടുത്താതിരിക്കില്ല.

Read more

മുരളി നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 10 വര്‍ഷങ്ങള്‍..