20 മിനുറ്റ് കൂടും, കട്ട് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ കാണാം; 'പുഷ്പ 2' റീ റിലീസ് തിയതി ഉറപ്പിച്ചു!

1831 കോടി രൂപ കളക്ഷന്‍ നേടിയ ‘പുഷ്പ 2’ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രം റീ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 11ന് സംക്രാന്തി റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു. നിലവില്‍ ജനുവരി 17ന് ആണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ റീലോഡഡ് വേര്‍ഷന്റെ ട്രെയ്‌ലര്‍ സംവിധായകന്‍ സുകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ മൂന്ന് മണിക്കൂര്‍ 25 മിനുറ്റ് ആണ് സിനിമയുടെ ദൈര്‍ഘ്യം. ഇതിനൊപ്പം ഒഴിവാക്കിയ 20 മിനുറ്റ് കൂടി ചേര്‍ത്താണ് ചിത്രം റീ റിലീസ് ചെയ്യുക. സംഘട്ടന രംഗങ്ങള്‍ അടക്കം പുതുതായി എത്തും എന്നാണ് വിവരം.

ബോക്‌സോഫീസില്‍ 2000 കോടി എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ പുഷ്പ 2 റീറിലീസ് നിര്‍മ്മാതാക്കളെ സഹായിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ഡിസംബര്‍ 5ന് ആണ് റിലീസായത്. രശ്മിക, ഫഹദ് ഫാസില്‍, സുനില്‍, അനുശ്യ, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദ് ആണ്.

മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം തന്നെ ലഭിച്ചതെങ്കിലും പിന്നീട് പുഷ്പ 2 തിയേറ്ററില്‍ കുതിക്കുകയായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശിച്ചപ്പോള്‍ യുവതി സംഘര്‍ഷത്തില്‍ പെട്ട് മരിച്ചിരുന്നു. ഈ സംഭവത്തില്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ സിനിമയ്ക്ക് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുകയായിരുന്നു. അല്ലു അര്‍ജുന് ജാമ്യം ലഭിച്ചെങ്കിലും താരത്തിന്റെ വീടിനെതിരെ വരെ ആക്രമണം നടന്നിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മരിച്ച യുവതിയുടെ മകനെ കാണാനായി അല്ലു അര്‍ജുന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒമ്പത് വയസുകാരനായ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു.