കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിന് കളമൊരുങ്ങുമ്പോൾ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത് രണ്ട് പോരാട്ടങ്ങൾക്ക്. കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സിയോട് ഏറ്റുമുട്ടുമ്പോൾ അവരുടെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട സ്വന്തം മാനേജ്മെന്റിനോടുള്ള പ്രതിഷേധങ്ങൾക്ക് കനം കൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. കലൂർ ജവഹർലാൽ നെഹ്‌റു ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിന് സമീപം കിക്ക് ഓഫിന് രണ്ട് മണിക്കൂർ മുമ്പ് ആസൂത്രണം ചെയ്ത റാലിയിൽ പങ്കെടുക്കണമെന്ന് മഞ്ഞപ്പട ഞായറാഴ്ച ക്ലബ്ബ് ആരാധകരോട് അഭ്യർത്ഥിച്ചു.
ക്ലബിൻ്റെ ഹൈദരാബാദ് ആസ്ഥാനമായുള്ള മാനേജ്‌മെൻ്റിനെതിരെ ഒരു മാസത്തോളമായി മഞ്ഞപ്പട പ്രതിഷേധം നടത്തി വരികയാണ്. എന്നാൽ ക്ലബ് ഇതുവരെ ആരാധകരുടെ പ്രതിഷേധത്തിൽ പ്രതികരിച്ചിട്ടില്ല. പകരം അത്തരം പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നത്. “ഞങ്ങളുടെ പ്രതിഷേധം കളിക്കാർക്കോ കോച്ചിംഗ് സ്റ്റാഫിനോ എതിരായല്ല, മാനേജ്‌മെൻ്റിൻ്റെ നയങ്ങൾക്കെതിരെയാണ്” ഒഡീഷയുമായുള്ള മത്സരത്തിന്റെ തൊട്ട് മുന്നേ ഒരു വീഡിയോയിൽ മഞ്ഞപ്പട പ്രഖ്യാപിച്ചു.
മാനേജ്‌മെൻ്റുമായുള്ള ആരാധകരുമായുള്ള ആശയവിനിമയം സുഗമമാക്കുമെന്ന് അവകാശപ്പെടുന്ന പുതുവർഷത്തിൻ്റെ ആദ്യവാരത്തിൽ ക്ലബ്ബ് സ്ഥാപിച്ച ഫാൻ അഡ്വൈസറി ബോർഡും വഴിതിരിച്ചുവിടൽ തന്ത്രങ്ങളുടെ ഭാഗമാണ് എന്ന് ആരാധക കൂട്ടായ്മ അവകാശപ്പെടുന്നു. സീസണിൽ മോശം ഫോം തുടരുന്ന ബ്ലാസ്റ്റേഴ്‌സിൽ മികച്ച താരങ്ങളെ ഉൾപ്പെടുത്തണമെന്നതാണ് മഞ്ഞപ്പടയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇൻസ്റ്റാഗ്രാമിൽ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള, സോഷ്യൽ മീഡിയയിൽ കാര്യമായ സാന്നിധ്യമുള്ള ഗ്രൂപ്പ്, പുതിയ കളിക്കാരെ സൈൻ ചെയ്യാൻ ക്ലബ്ബിനെ ഓർമ്മിപ്പിക്കുന്ന പോസ്റ്റുകൾ ഇപ്പോൾ പതിവായി പോസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ മലയാളി താരം കൂടിയായ ക്ലബ്ബിന്റെ പോസ്റ്റർ ബോയ് കെപി രാഹുൽ വരെ ക്ലബ് വിട്ട് പോയിട്ടും പുതിയ ഒരു താരത്തെ ടീമിലെത്തിക്കാൻ മാനേജ്മെന്റിന് സാധിച്ചിട്ടില്ല.
അതേസമയം ഡിസംബർ 29 ന് കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഒരു കായികേതര പരിപാടിയിൽ ഫീൽഡ് നശിപ്പിച്ചതിനെത്തുടർന്ന് അതിന്റെ പരിപാലനത്തിൽ വലിയ തുക മുടക്കേണ്ടി വന്നതായി ക്ലബ് ഔദ്യോഗിക സ്റ്റേറ്റ്മെന്റ് ഇന്നലെ പുറത്ത് വിട്ടിരുന്നു. സ്‌റ്റേഡിയം ഉടമകളായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് ഇതിന് കാര്യമായ സാമ്പത്തിക നഷ്ടം വരുത്തിയതെന്നും ക്ലബ്ബ് കുറ്റപ്പെടുത്തി. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ കളിക്കാരെ സൈൻ ചെയ്യാതിരിക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ മറ്റൊരു അടവ് നയമാണ് ഇതെന്ന് ആരാധകർ ചൂണ്ടികാണിക്കുന്നു.
Read more
15 മത്സരങ്ങൾക്കു ശേഷവും ക്ലബ് ടോപ് സിക്സിൽ നിന്ന് അകന്ന് നിൽക്കുന്നത് തുടരുന്നതിനാൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സമ്മർദവും സ്ക്വാഡിനുണ്ട്. ഇടക്കാല പരിശീലകനായ ടി.ജി.പുരുഷോത്തമന്റെ നേതൃത്വത്തിൽ മൂന്നിൽ രണ്ട് മത്സരങ്ങളിലും ക്ലബ് വിജയം ഉറപ്പിച്ചെങ്കിലും സ്ഥിരത വേണമെന്ന് അദ്ദേഹം നിരന്തരം ഓർമിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ വിജയവഴി തുടരാൻ ബ്ലാസ്‌റ്റേഴ്‌സിനെ നിർബന്ധിക്കുന്ന ഒരു മത്സരം കൂടി ആയിരിക്കും നാളത്തെ മത്സരം. മാനേജ്മെന്റിനെ സംബന്ധിച്ച് ക്ലബ് വിജയവഴിയിൽ തിരിച്ചു വന്നാൽ അവരുടെ നിരുത്തരവാദ സമീപനങ്ങൾ ഒരു പരിധിവരെ ആരാധകർ മറക്കുമെന്നാണ് കരുതുന്നത്.