'വെറും ഒരു സിനിമ കാണാനാണെങ്കില്‍ ട്രാന്‍സിന് നിങ്ങള്‍ ടിക്കറ്റെടുക്കരുത്'; വൈറല്‍ കുറിപ്പ്

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു മോട്ടിവേഷണല്‍ ട്രെയിനറായി ഫഹദ് വേഷമിടുന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക. ഇ്‌പ്പോഴിതാ ട്രാന്‍സിനെ കുറിച്ച് രാജ് നാരായണന്‍ എന്ന പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. വെറും ഒരു സിനിമ കാണാനാണെങ്കില്‍ ട്രാന്‍സിന് നിങ്ങള്‍ ടിക്കറ്റെടുക്കരുതെന്നും അതിനുമപ്പുറം പലതും ഇതിലുണ്ടെന്നുമാണ് രാജ് നാരായണന്‍ കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

വെറും ഒരു സിനിമ കാണാനാണെങ്കില്‍ അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് ന് നിങ്ങള്‍ ടിക്കറ്റെടുക്കരുത്. കേവലം ഒരു സിനിമ കാണുന്നതിനപ്പുറം ചരിത്രം സൃഷ്ടിച്ച ചില ലോക സിനിമകള്‍ നമുക്ക് പകര്‍ന്നു തന്ന അനുഭൂതികളെ സാര്‍വ്വദേശീയവും പ്രാദേശികവുമായ ശബ്ദ – വര്‍ണ്ണ വിന്യാസങ്ങളോടെ ഏറ്റുവാങ്ങാനായി തയ്യാറെടുത്ത് മാത്രം ട്രാന്‍സ് എന്ന ഈ വേറിട്ട ചലച്ചിത്രാനുഭവത്തെ സമീപിക്കണം. ലോകോത്തരമെന്നോ കുറ്റമറ്റതെന്നോ ഈ സിനിമയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. പക്ഷെ, സിനിമ എന്ന ലോകത്തെ ഏറ്റവും ജനകീയമായ മാദ്ധ്യമത്തിന്റെ പുറമെയുള്ള കാഴ്ചകള്‍ക്കപ്പുറം അനുഭൂതികളുടെ പുതിയ തലങ്ങളിലേക്ക് സഹൃദയനെ എടുത്തുയര്‍ത്തുന്നതില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്.

എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നവരാണ് മലയാളികള്‍ എന്ന് പൊതുവെ ആരോപിക്കപ്പെടാറുണ്ട്. പക്ഷെ, ഒന്നിലെയും യഥാര്‍ത്ഥ രാഷ്ട്രീയത്തെ മനസ്സിലാക്കാത്ത ഒരു വിഭാഗം മലയാളികളുടെ എണ്ണം ഇന്ന് വല്ലാതെ വര്‍ദ്ധിച്ചുകൊണ്ടി രിക്കുകയാണ്. ഇതില്‍ ജാതിമതലിംഗ ഭേദമില്ല. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും ചിന്തകയുമായ ശോശന്ന സുബോഫ് നിരീക്ഷിക്കുന്നത് വ്യവസായവത്ക്കരണം ഭൂപ്രകൃതിയെ എങ്ങിനെ ചൂഷണം ചെയ്ത് തകര്‍ത്തുവോ അതുപോലെ തന്നെ വര്‍ത്തമാനകാലത്ത് മൂലധന ശക്തികള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യപ്രകൃതത്തെ വരുതിയിലാക്കുന്നു എന്നാണ്. മനുഷ്യന്റെ സഹജമായ പ്രകൃതത്തെ മെരുക്കിയെടുത്ത് കമ്പോളത്തിനനുസൃതമായി പെരുമാറുന്ന ഒന്നായി സമൂഹത്തെ മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഈ കച്ചവട തന്ത്രത്തിന്റെ ഇരയാകുന്നത് ആശകളെക്കാള്‍ ഏറെ ആശങ്കകളുളള സാധാരണ മനുഷ്യരാണ്. അതുകൊണ്ട് തന്നെ കന്യാകുമാരി കടപ്പുറത്തെ വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറില്‍ നിന്നും യൂറോപ്യന്‍ മഹാനഗരങ്ങളിലെ അസ്വസ്ഥ ചിത്തങ്ങളെ ഉന്മാദത്തിന്റെ ഭക്തിഭാവങ്ങളിലേക്ക് കൈപിടിച്ച് ആനയിക്കുന്ന ജോഷ്വാ കാള്‍ട്ടണിലേക്കുള്ള യാത്ര സ്വാഭാവികവും യുക്തിഭദ്രവുമാണ്. സമ്പത്തും അത് സൃഷ്ടിക്കുന്ന അധികാരവുമാണ് മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും എളുപ്പം വിറ്റഴിക്കപ്പെടുന്ന ചരക്കായ ഭക്തിയുടെ മൊത്തക്കച്ചവടക്കാരെ എക്കാലവും തെരഞ്ഞെടുത്തിട്ടുള്ളത്. അഴിമതിക്കാരായ അധികാരികള്‍ ബിനാമികളെ തിരഞ്ഞെടുക്കുന്നതു പോലെയാണ് ഇത്. സാധാരണക്കാരന് ഇതിന്റെ ലോജിക് മനസ്സിലാകാന്‍ പ്രയാസമായതുകൊണ്ടുതന്നെ ഇവരുടെ മാര്‍ക്കറ്റിംഗ് വലയില്‍ ശുദ്ധഗതിക്കാര്‍ എളുപ്പം ചെന്നുചാടും.

മൂലധനം, മതം, രാഷ്ട്രീയം – ഇതൊരു വിനാശകരമായ കൂട്ടുകെട്ടാണ്. ഈ മൂന്നു ഘടകങ്ങള്‍ തമ്മില്‍ ?പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നത് ? ഇക്കൂട്ടര്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വിഭ്രമകരമായ ഊര്‍ജ്ജ പ്രവാഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ നാം കാണാതെ പോകുന്നു. പ്രതിലോമകരമായ ഈ ഹിസ്റ്റീരിക്കല്‍ ഊര്‍ജ്ജ പ്രവാഹത്തിന്റെ നരകാനുഭവങ്ങളിലേക്ക് പ്രേക്ഷകനെ എത്തിക്കാനായിടത്താണ് അന്‍വര്‍ റഷീദിന്റെയും കൂട്ടരുടെയും വിജയം. ലോക സിനിമയുടെ മഹത്തായ പല മുഹൂര്‍ത്തങ്ങളിലും നാം ഇത് അനുഭവിച്ചിട്ടുണ്ട്. അരവിന്ദനും അടൂരും പത്മരാജനുമൊക്കെ ഈ അനുഭൂതിയെ തങ്ങളുടെ പ്രതിഭയുടെ കരുത്തുകൊണ്ട് മാത്രം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, സാങ്കേതികത്തികവോടെ അസാധാരണമായ ഇത്തരം ഒരു അനുഭവ ലോകത്തേയ്ക്ക് മലയാളി പ്രേക്ഷകര്‍ എത്തുന്നത് ഇതാദ്യമായാണ്. ദ്രവ്യ – ഊര്‍ജ്ജ സമവാക്യങ്ങളുടെ ഉണ്‍മയെ ഭ്രമാത്മകമായ വിസ്‌ഫോടനങ്ങളുടെ ശേഷിപ്പുകളില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ തക്കവണ്ണമുള്ള സൂചനകള്‍ ഈ സിനിമ നല്‍കുന്നുണ്ട്. (ചിലതൊക്കെ അല്‍പ്പം കൂടി പൊതിഞ്ഞു പറയാമായിരുന്നു).

സംഗീതവും അഭിനയവും ശബ്ദ വിന്യാസവും ദൃശ്യവത്ക്കരണവും ഒക്കെച്ചേര്‍ന്ന് സൃഷ്ടിക്കുന്ന ട്രാന്‍സ് എന്ന അനുഭൂതി പേര് സൂചിപ്പിക്കുന്നതു പോലെ തീര്‍ത്തും മായികമാണ്. മൂലധനത്തിന്റെ കാവല്‍ക്കാരും വെറുപ്പിന്റെ കച്ചവടക്കാരും, അത് ഇന്ത്യയിലായാലും അമേരിക്കയിലായാലും, നിര്‍മ്മലചിത്തരായ കോടിക്കണക്കിന് സാധാരണ മനുഷ്യരെ തങ്ങളുടെ പ്രലോഭനങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതിന്റെ തന്ത്രം സിനിമയിലെ ദിവ്യാത്ഭുത നിര്‍മ്മാണ കമ്പനിയുടെ കച്ചവട തന്ത്രത്തിന് സമാനമാണ്. വിനായകന്‍ അവിസ്മരണീയമാക്കിയ കഥാപാത്രത്തിന്റെ മകളോടുള്ള അഗാധ സ്‌നേഹത്തെ മറികടക്കുന്ന ഭ്രമാത്മക ഭക്തിയോടുള്ള കൂറ് വര്‍ത്തമാനകാല ഇന്ത്യയിലെ നിഷ്‌കളങ്ക മതേതര മനസ്സുകളിലെ നിസ്സഹായതയുടെ പ്രതിഫലനം കൂടിയാണ്. സാധാരണ സിനിമ പോലെ കഥയുടെയോ സംഭവങ്ങളുടെയോ ചിട്ടയിലൊതുങ്ങാത്ത ഈ സിനിമയില്‍ ഒരുപാട് ഉത്തരങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ പ്രകടമാണ്. മലയാളി പ്രേക്ഷകന് സൗന്ദര്യശാസ്ത്രപരമായും സാമൂഹികമായും ഇത് ഒരു പരിശീലനം കൂടിയാണ്. സിനിമ എന്ന ജനകീയ കലയെ ഇന്ദ്രിയങ്ങളെയും ഹൃദയത്തെയും മനസാക്ഷിയെയും സ്പര്‍ശിക്കുന്ന ഒരു അനുഭവമാക്കി സ്വാംശീകരിക്കുന്നതിനും സ്വയം ശുദ്ധീകരിക്കുന്നതിനുമുള്ള പരിശീലനം.

Read more