'ബിഷപ്പുമാരുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ബിജെപിയുടെ അക്കൗണ്ടിലെത്തിയെന്ന് ക്രൈസ്തവര്‍ക്കറിയാം; കുര്‍ബാനക്ക് കുത്ത് കിട്ടുന്ന വടക്കേയിന്ത്യയിലല്ലേ ആദ്യം പാര്‍ട്ടി രൂപീകരിക്കേണ്ടത്'

ക്രൈസ്തവ സമുദായം രാഷ്ട്രീയ പാര്‍ട്ടിയായി മാറാന്‍ മടിക്കില്ലെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍.

ലക്ഷക്കണക്കിന് അല്‍മായരുടെ ജനാധിപത്യ ബോധത്തിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് മേലധ്യക്ഷന്മാരുടെ മേലങ്കിയുടെ പോക്കറ്റിലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. .മേലധ്യക്ഷന്മാരില്‍ ചിലരുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ബി.ജെ.പിയുടെ ജോയിന്റ് അക്കൗണ്ടില്‍ എത്തിയിട്ട് കാലം കുറെയായെന്ന് സാധാരണ ക്രൈസ്തവര്‍ക്കറിയാം. ബാക്കി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് പിണറായി വിജയന്റെ എകെജി സെന്ററിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലുമാണ്.

ബി.ജെ.പിക്ക് കൊടുത്ത ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശയാണ് മണിപ്പൂരിലും ഝാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഒഡിഷയിലും ഡല്‍ഹിയിലും വടക്കേയിന്ത്യയിലെമ്പാടും ദക്ഷിണ കര്‍ണാടകയിലുമൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നത്. പതുക്കെ പതുക്കെ കേരളത്തിലും വന്നു തുടങ്ങുന്നുണ്ട്. അന്ധമായ മുസ്‌ലിം വിരോധത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയത ഊട്ടിയുറപ്പിച്ച് ബിജെപിക്ക് അരമനകള്‍ വഴി കേരളത്തിലേക്ക് കടന്നു വരാനുള്ള വഴിയൊരുക്കലല്ലേ നിരുത്തരവാദപരമായ ഈ പ്രസ്താവനകള്‍ ജിന്റോ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ദിവസങ്ങള്‍ക്കു മുമ്പ് കാസയും പറഞ്ഞത് പോലെ സഭ തീര്‍ച്ചയായും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണം. ബിജെപിക്ക് വേണ്ടി മുഖം മറച്ചു പണിയെടുക്കുന്ന കാസയുടെ ലക്ഷ്യപ്രാപ്തിക്കായി പരസ്യപ്രസ്താവന നടത്തുന്ന പിതാക്കന്മാര്‍ ആരെയാണ് വെല്ലുവിളിക്കുന്നത് എന്നറിയാന്‍ താല്പര്യമുണ്ട്. കേരളത്തില്‍ രണ്ട് തവണയായി അടുപ്പിച്ചു ഭരിക്കുന്ന എല്‍ഡിഎഫിനോടോ കേന്ദ്രത്തില്‍ മൂന്നാംവട്ടം തുടരുന്ന മോദി സര്‍ക്കാരിനോടോ. വിരട്ടുമ്പോള്‍ വ്യക്തതയോടെ വേണം. ഇടയന്മാര്‍ക്ക് ധാരണ കുറഞ്ഞാല്‍ ആടുകള്‍ക്ക് വഴിതെറ്റും.

കേരളത്തിലേയും കേന്ദ്രത്തിലേയും ജനദ്രോഹ സര്‍ക്കാരുകള്‍ക്ക് എതിരായ വോട്ടുകള്‍ എങ്ങനെയെങ്കിലും ഭിന്നിപ്പിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് തടയാനായി നമ്മുടെ സഭയും ഒരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കണം. വെള്ളാപ്പള്ളിയുടെ കാര്‍മികത്വത്തില്‍ ബിഡിജെഎസ് ഉണ്ടാക്കി ബിജെപിയുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടിയപോലെ. മേല്‍നോട്ട ചുമതല കാസയും ക്രോസുംനടത്തുകയും ചെയ്യും. അതോടെ ഭരണവിരുദ്ധ വോട്ടുകളില്‍ ഒരു വിഭാഗം പിളര്‍ത്തിമാറ്റി കോണ്‍ഗ്രസ് ജയിക്കുന്ന സാഹചര്യമൊഴിവാക്കുകയും ചെയ്യാം. ബിജെപി വിഭാവനം ചെയ്യുന്ന കോണ്‍ഗ്രസ് വിമുക്ത ഭാരതവും സിപിഎം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് വിമുക്ത കേരളവും സൃഷ്ടിച്ചു കൊടുക്കാന്‍ സഹായിക്കുന്നതില്‍ സഭയ്ക്കും സന്തോഷിക്കാം.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള അവകാശബോധവും ആര്‍ജ്ജവും കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും നടത്താത്തത് എന്താണെന്ന് മനസ്സിലാകുന്നേയില്ല. കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനത്തും സഭയ്ക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശേഷിയില്ലേ അതോ നമ്മള്‍ കേരളത്തില്‍ മാത്രമൊതുങ്ങുന്ന ഒരു പ്രാദേശിക കൂട്ടായ്മ മാത്രമോ ജബല്‍പ്പൂര്‍ രൂപതയുടെ ജൂബിലി ആഘോഷത്തിലും തീര്‍ത്ഥാടനത്തിലും പങ്കെടുത്ത ക്രൈസ്തവ പുരോഹിതരെയും വിശ്വാസികളെയും ആക്രമിച്ച സംഘപരിവാര്‍ സംഘടനകളെ ചെറുക്കാന്‍ മധ്യപ്രദേശില്‍ സഭ ഒരു പാര്‍ട്ടി രൂപീകരിക്കണം. പുരോഹിതനെ പള്ളിയില്‍നിന്ന് പിടിച്ചിറയ്ക്കി അക്രമിച്ച ഒഡിഷയിലെ ബി.ജെ.പി പൊലീസിനെ ചെറുക്കാനും ഒരു പാര്‍ട്ടി രൂപീകരിക്കണം. സമയം കിട്ടുമെങ്കില്‍ ഒരുപാട് ക്രൈസ്തവരുടെ രക്തം വീണുചുവന്ന കാന്ധമാലില്‍ ഒരു പ്രാദേശിക കമ്മിറ്റിയും രൂപീകരിക്കണം. ഛത്തീസ്ഘട്ടിലും രാജസ്ഥാനിലുമടക്കം ഇന്ത്യയിലെമ്പാടും കമ്മിറ്റികള്‍ രൂപീകരിച്ച് ശക്തി തെളിയിക്കണം.

നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കുര്‍ബാന കൂടാന്‍ പറ്റുന്ന കേരളത്തില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ, കുര്‍ബാന ചൊല്ലിയാല്‍ പുരോഹിതര്‍ക്ക് കുത്ത് കിട്ടുന്ന വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലല്ലേ പാര്‍ട്ടി രൂപീകരണമെന്ന ഭീഷണി ആദ്യം പൊട്ടിക്കേണ്ടത്. അറ്റ്‌ലീസ്റ്റ് സഭാവസ്ത്രം അണിഞ്ഞുകൊണ്ട് പൊതുനിരത്തില്‍ സഞ്ചരിക്കാനുള്ള അവകാശമെങ്കിലും അവിടുത്തെ നമ്മുടെ സഹോദരങ്ങള്‍ക്ക് സംഘപരിവാറില്‍ നിന്ന് നേടിയെടുക്കേണ്ടതല്ലേ. അഖിലേന്ത്യാ തലത്തില്‍ ക്രൈസ്തവരെ വേട്ടയാടുകയും കൊന്നൊടുക്കുകയും ചെയ്യുന്ന സംഘപരിവാര്‍ സംഘടനകളെ നിലയ്ക്ക് നിര്‍ത്താനുള്ള ശേഷി കൂടി സഭയ്ക്ക് ഉണ്ടാകണ്ടേ.

തൃശ്ശൂരില്‍ മാതാവിന് സ്വര്‍ണ്ണംപൂശിയ ചെമ്പുകിരീടം കിട്ടിയപ്പോള്‍ ഡല്‍ഹിയിലെ മാതാവിന്റെ തല തന്നെയവര്‍ തകര്‍ത്തില്ലേ. 300 രൂപ റബ്ബറിന് കിട്ടുമെന്ന് വിശ്വസിച്ച് ഒരു എം.പിയെ സമ്മാനിച്ചപ്പോള്‍ 2024ല്‍ മാത്രം 640 ആസൂത്രിത അക്രമങ്ങള്‍ അവര്‍ തിരികെ സമ്മാനിച്ചത് കണ്ടില്ലല്ലോ നല്ലവരെ നിങ്ങള്‍. എംപിയെ കൊടുത്ത ശേഷവും റബ്ബറിന് 300 രൂപ കിട്ടാത്തതില്‍ പ്രതിഷേധിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി തന്നെ വേണമെന്നില്ലല്ലോ, ആത്മധൈര്യം പോരെ.

തൃശ്ശൂരില്‍ കുരുത്തോലയില്‍ കരവിരുത് കാണിക്കുന്ന കുരങ്ങുവേല കണ്ട് നിങ്ങള്‍ കൂട്ടിപ്പിടിച്ചവരുടെ കൂട്ടക്കാര്‍ തന്നെ ഡല്‍ഹിയില്‍ നമ്മുടെ ക്രൂശിതരൂപം തല്ലി തകര്‍ക്കുന്നതും സമ്മാനിച്ചില്ലേ. അവിടെയൊക്കെ സഭ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ശക്തി തെളിയിക്കണം. പതിനായിരക്കണക്കിന് മനുഷ്യര്‍ വേട്ടയാടപ്പെടുകയും 70,000ല ധികം ആളുകള്‍ ഭവനരഹിതരാവുകയും മുന്നൂറിലധികം പള്ളികള്‍ ആക്രമിക്കപ്പെടുകയും അത്രത്തോളം തന്നെ മനുഷ്യര്‍ കൊലചെയ്യപ്പെടുകയും ചെയ്ത മണിപ്പൂരില്‍ അതിശക്തമായ ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു ബിജെപിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാനുള്ള ശേഷി കൂടി സഭ കാണിക്കേണ്ടതല്ലേ

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്‍പത് കൊല്ലമായി സംഘപരിവാറിന്റെ ആശയങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുമ്പോള്‍ സമസ്ത മേഖലയിലും ദുരിതങ്ങള്‍ മാത്രം അനുഭവിക്കുന്ന ഈ ജനതയ്ക്ക് കൈത്താങ്ങാകാന്‍ സഭയ്ക്ക് സാധിക്കണ്ടേ. അങ്ങനെയെങ്കില്‍ ജനപക്ഷ നിലപാടുയര്‍ത്തി നിരന്തര സമരങ്ങളിലൂടെ മോദി – പിണറായി സര്‍ക്കാര്‍ വിരുദ്ധ പോരാട്ടം നയിക്കുന്ന യുഡിഎഫിനെ പിന്തുണക്കുകയല്ലേ വേണ്ടത്. പകരം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു കോണ്‍ഗ്രസിനെയും യുഡിഎഫിനും ദുര്‍ബലപ്പെടുത്താനുള്ള സര്‍വ്വ സന്ദേശങ്ങളും പകര്‍ന്നുനല്‍കുന്നത് പിണറായി സര്‍ക്കാരിന് തുടരാന്‍ മണ്ണൊരുക്കുന്നതല്ലേ.

അന്ധമായ മുസ്‌ലിം വിരോധത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയത ഊട്ടിയുറപ്പിച്ച് ബിജെപിക്ക് അരമനകള്‍ വഴി കേരളത്തിലേക്ക് കടന്നു വരാനുള്ള വഴിയൊരുക്കലല്ലേ നിരുത്തരവാദപരമായ ഈ പ്രസ്താവനകള്‍. രൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും വിലക്കയറ്റവും റേഷനും പെന്‍ഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യവും ഇന്ധനവിലയും വൈദ്യുതിചാര്‍ജും വെള്ളക്കരവും വീട്ടുകരവും ഭൂകരവും വര്‍ദ്ധിപ്പിച്ച് സകലവിധത്തിലും മനുഷ്യന്‍ ജീവിക്കാന്‍ പറ്റാത്തത്ര ദുസ്സഹമായ ഭരണ സാഹചര്യത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ മോദി-പിണറായി ഇരട്ടയെഞ്ചിന്‍ സര്‍ക്കാരുകള്‍ക്ക് ഒരു സഹായമാകും സഭയുടെ രാഷ്ട്രീയപാര്‍ട്ടി.

വന്യജീവികള്‍ മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍, മലയോരമേഖലയിലെ കര്‍ഷകരെ വഞ്ചിക്കുമ്പോള്‍ അതേ സര്‍ക്കാരുകള്‍ക്ക് തന്നെ തുടര്‍ച്ചനല്‍കാന്‍ സഭയുടെ രാഷ്ട്രീയപാര്‍ട്ടിക്ക് സാധിക്കും. വന്യജീവികള്‍ മലയോര കര്‍ഷകരുടെ ജീവിതം തകര്‍ക്കുമ്പോള്‍, മനോരോഗികളായ സംഘികളും സംഘാക്കളും മയക്കുമരുന്ന് അടിമകളായവരും കേരളത്തില്‍ കൊലപാതക പരമ്പര നടത്തുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സഭയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് സാധിക്കും.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2025ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും കേരളത്തിലെമ്പാടും ബിജെപിയും സിപിഎമ്മിനും ഭരണവിരുദ്ധ ജനവികാരത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് ജയിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കാന്‍ സഭയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലൂടെ സാധിക്കും.

ഫിക്‌സഡ് ഡെപ്പോസിറ്റായി കത്തോലിക്ക സഭയെ ആരും കാണേണ്ടന്ന് പറയുന്നവര്‍ ഓര്‍ക്കേണ്ട ഒരുകാര്യമുണ്ട്. കത്തോലിക്കാ സഭ എന്നുപറഞ്ഞാല്‍ വല്ലവന്റെയും നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് മഴ കൊള്ളാതെയും വെയില് കൊള്ളാതെയും വിയര്‍ക്കാതെയും ജീവിക്കുന്ന ചെറുകൂട്ടം മാത്രമല്ല. മഴനനഞ്ഞും വെയില്‍കൊണ്ടും പണിയെടുത്ത് വിയര്‍ത്തും ജീവിക്കുന്ന ലക്ഷക്കണക്കിന് അല്മായര്‍ കൂടി ചേരുന്നതാണ്. അവരുടെ ജനാധിപത്യ ബോധത്തിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ് മേലധ്യക്ഷന്മാരുടെ മേലങ്കിയുടെ പോക്കറ്റിലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. സാധാരണ ക്രൈസ്തവര്‍ക്കറിയാം മേലധ്യക്ഷന്മാരില്‍ ചിലരുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ബിജെപിയുടെ ജോയിന്റ് അക്കൗണ്ടില്‍ എത്തിയിട്ട് കാലം കുറെയായെന്ന്. ബാക്കി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് പിണറായി വിജയന്റെ എകെജി സെന്ററിലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലുമാണ്. ബിജെപിക്ക് കൊടുത്ത ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശയാണ് മണിപ്പൂരിലും ജാര്‍ഖണ്ഡിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഒറീസയിലും ഡല്‍ഹിയിലും വടക്കേയിന്ത്യയിലെമ്പാടും ദക്ഷിണ കര്‍ണ്ണാടകയിലുമൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നത്. പതുക്കെ പതുക്കെ കേരളത്തിലും വന്നു തുടങ്ങുന്നുണ്ട്.

എത്ര ആക്രമിച്ചാലും സാരമില്ലെന്ന് മോദി സര്‍ക്കാരിനെ കയ്യയച്ച് സഹായിച്ചതിന്റെ ഫലമായ ചെക്ക് ബൗണ്‍സാകുമ്പോള്‍ മാത്രമാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധയോഗവും സുപ്രീംകോടതിയില്‍ ഹര്‍ജിയും ദീപികയില്‍ മുഖപ്രസംഗവും സത്യദീപത്തില്‍ ലേഖനവും ആചാരം പോലെ നടത്തുന്നത്. അല്മായര്‍ക്ക് മെഴുകുതിരി കത്തിച്ചു നഗരപ്രദക്ഷിണവും വിശ്വാസികളുടെ പ്രാര്‍ത്ഥന സഹായാഭ്യര്‍ത്ഥനയുമൊക്കെ നടത്തുമ്പോള്‍ അക്രമത്തിനിരയായവര്‍ക്ക് നീതി ഉറപ്പാക്കപ്പെടില്ല. മധുരച്ചിരിയുമായി ബിജെപി അരമനകള്‍ സന്ദര്‍ശിക്കുമ്പോള്‍, അതുവരെ നമ്മുടെ വിശ്വാസികളുടെ നെഞ്ചത്ത് കുത്തിയ സംഘപരിവാറിന്റെ തൃശ്ശൂലം മറന്നുപോകുമ്പോള്‍ വീണ്ടും കുറേപ്പേര്‍ കുരിശിലേറ്റപ്പെടുന്നുണ്ട്.

അവര്‍ മനുഷ്യവേട്ടയുടെ ഓര്‍മ്മകള്‍ ഒളിക്കാന്‍ മലകയറി മുട്ട് തേഞ്ഞ് അരമനകളില്‍ എത്തിനോക്കുമ്പോള്‍ നിങ്ങളവര്‍ക്ക് കേക്കും വീഞ്ഞും നല്‍കുന്നു. അവരത് കഴിച്ചിട്ട് പുറത്തിറങ്ങി വിശ്വാസികളുടെ കഴുത്തിന് പിടിക്കുമ്പോഴും മേല്‍പ്പട്ടക്കാര്‍ക്ക് കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞ് നിശ്വസിക്കാം. കോണ്‍ഗ്രസ്സിനെ വിരട്ടുന്നവര്‍ക്ക് ആറര പതിറ്റാണ്ടുകള്‍ വലിയ പ്രയാസമില്ലാതെ ഈ രാജ്യത്ത് വിശ്വസിച്ചും പ്രാര്‍ത്ഥിച്ചും ജീവിച്ചുപോരാന്‍ പറ്റിയത് കോണ്‍ഗ്രസ് ഉണ്ടായിരുന്നത് കൊണ്ടാണ്.

2014 ന് ശേഷമല്ല പിതാവേ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത്. പക്ഷേ 2014 ന് ശേഷമാണ് പ്രതിവര്‍ഷം 600 ലധികം ആസൂത്രിത അക്രമങ്ങള്‍ ക്രൈസ്തവര്‍ നേരിടേണ്ടി വരുന്നത്. 2024 ല്‍ മാത്രം 640 ആസൂത്രിത അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ അരങ്ങേറിയപ്പോള്‍ ഒരക്ഷരം പോലും ചോദിക്കാന്‍ നാവുപൊങ്ങാത്തവര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെമ്പാടും പ്രത്യക്ഷവും പരോക്ഷവുമായ ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തി നരേന്ദ്രമോദിക്ക് ഒരു എംപിയെ സംഭാവന ചെയ്തതും ആരും മറക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന് തുടര്‍ഭരണം കിട്ടിയതില്‍ കാര്യമായ സഹകരണം നടത്തിയിട്ടുണ്ടെന്നും ഞങ്ങള്‍ക്കറിയാം. ഞങ്ങളെ ഇനിയും വിരട്ടി വിഷമിക്കല്ലേ നിഷ്‌കളങ്കരേ നിങ്ങള്‍.

കോണ്‍ഗ്രസിന് ഈ രാജ്യത്ത് ഒരു മതസാമുദായിക നേതാക്കന്മാരെയും മതമേലധ്യക്ഷന്മാരെയും ഭയമില്ല. കോണ്‍ഗ്രസിന് കേള്‍ക്കേണ്ടത് പട്ടിണിയിലും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയും രൂക്ഷമായ വിലക്കയറ്റത്തിലും നിത്യജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രയാസപ്പെടുന്ന സാധാരണക്കാരെ മാത്രമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചതും ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടിയതും സാധാരണക്കാര്‍ വോട്ട് ചെയ്തതുകൊണ്ടാണ്. അതില്‍ പല മതവിശ്വാസികളും ഉണ്ടാകും. അതൊക്കെ പക്ഷേ ഏതെങ്കിലും മത സാമുദായിക സംഘടനകളുടെ അക്കൗണ്ടില്‍പ്പെടുത്തി ഇനിയും വിരട്ടല്ലേ.

താമരശ്ശേരി പിതാവിനെ നികൃഷ്ടജീവിയെന്ന് വിളിച്ചയാളുടെ പാര്‍ട്ടിക്ക് അതേ മണ്ണില്‍ നിന്നു തന്നെ ഒരു എംഎല്‍എയെ കൊടുക്കാന്‍ യാതൊരു മടിയും കാണിക്കാത്തവര്‍ ഞങ്ങളെ ഇനിയും അങ്ങോട്ട് പേടിപ്പിക്കരുത്. തിരിച്ചറിവുണ്ടായാല്‍ എല്ലാവര്‍ക്കും നല്ലതാണ്. നിങ്ങള്‍ കോണ്‍ഗ്രസിനെ സഹായിച്ചത് കൊണ്ടല്ല കോണ്‍ഗ്രസ് ഈ രാജ്യത്ത് ഉണ്ടായതുകൊണ്ടാണ് നിങ്ങള്‍ക്ക് പലരെയും സഹായിക്കാന്‍ പറ്റുന്ന രീതിയില്‍ ജീവിക്കാന്‍ പറ്റിയത്. കോണ്‍ഗ്രസ് ഈ രാജ്യത്ത് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴൊക്കെ നിങ്ങള്‍ അക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. പക്ഷേ എത്ര അക്രമങ്ങള്‍ കിട്ടിയാലും ‘മീനവിയല്‍ എന്തായാവോ’ എന്നു പറയുന്ന ശ്രീനിവാസന്‍ കഥാപാത്രം പോലെ ഇനിയും അടിച്ചോ ഇനിയും അടിച്ചോ എന്ന് ക്യൂ നിന്ന് അടിമേടിക്കുന്നവന്റെ മാനസികാവസ്ഥയിലേക്ക് മാറുന്നത് മടിയില്‍ കനമുള്ളതുകൊണ്ടുള്ള ഭയം കൊണ്ടാണോ

ക്രൈസ്തവര്‍ ഒരുമിച്ച് നിന്നാല്‍ ക്രൈസ്തവരെ തേടി രാഷ്ട്രീയക്കാര്‍ എത്തുമെന്ന് കല്ലറങ്ങാട്ട് പിതാവ് പറയുന്നത് ശരിയാണ്. ശക്തിയുള്ളവനെ തേടി രാഷ്ട്രീയക്കാര്‍ മാത്രമല്ല പ്രതിയോഗികള്‍ വരെയെത്തും. സഭ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കും എന്നുള്ളത് തെറ്റായ സന്ദേശമാണെന്നുള്ള നിരീക്ഷണവും ശരിയാണ്. കാരണം, കാസ പറഞ്ഞ വാക്കുകള്‍ ഉത്തരവാദിത്തപ്പെട്ട പിതാക്കന്മാരുടെ നാവില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സഭാ പിതാക്കന്മാര്‍ കാസക്കും ക്രോസിനും സംഘപരിവാറിന്റെ വിരട്ടിനും കീഴടങ്ങിക്കൊടുത്തുവെന്ന തോന്നലുണ്ടാക്കും.

സഭയ്‌ക്കെന്നല്ല ഈ നാട്ടിലെ ഏതൊരു വ്യക്തിക്കും രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാം. പക്ഷേ ആ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നതിന്റെ ലക്ഷ്യം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഭരണവിരുദ്ധ തരംഗത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ളതാക്കരുത്. ഭരണവിരുദ്ധ തരംഗത്തെ തടയിട്ടു കൊണ്ട് വീണ്ടും ഈ കൊള്ളക്കാരുടെ സര്‍ക്കാരിന് തുടര്‍ഭരണം നല്‍കാനുള്ള ലക്ഷ്യമാണെങ്കില്‍ അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയും തമ്പുരാന്‍ കര്‍ത്താവ് ക്രൈസ്തവര്‍ക്ക് കൊടുത്തിട്ടുണ്ടെന്ന് മറക്കണ്ട. കുറച്ചുകാലം മുമ്പ് നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരെ (-) സംഘടിപ്പിച്ചുകൊണ്ട് ബി.ഡി.ജെ.എസ് ഉണ്ടാക്കി ബി.ജെ.പിക്ക് കൊണ്ടുപോയി കൊടുത്ത വെള്ളാപ്പള്ളിയുടെ പണിയെടുക്കരുത്.

ആ ഒരൊറ്റ ഇടപാടിലൂടെ സിപിഎമ്മിന് തുടര്‍ഭരണവും ബി.ജെ.പിക്ക് 20% വോട്ടും കിട്ടി; വെള്ളാപ്പള്ളിയുടെ പുറകില്‍ നടന്ന നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ക്ക് ദുരിതങ്ങളും. മുതലാളിയുടെ മൈക്രോ ഫിനാന്‍സ് കേസ് ഒതുക്കപ്പെട്ടു, മുതലാളിയുടെ മകന് ബി.ജെ.പിയുടെ മുന്നണിയില്‍ മുന്തിയ സ്ഥാനവും കിട്ടി, ബി.ജെ.പിക്കാര്‍ വിളമ്പുന്ന വെറുപ്പും വര്‍ഗീയതയും വിളമ്പുന്ന ഒരു വിഷനാവും. പിതാക്കന്മാര്‍ക്ക് തിരിച്ചറിവുണ്ടാകണം. ആര്‍ക്കെതിരെയാണ് യുദ്ധം ചെയ്യുന്നതിനുള്ള ബോധ്യമുണ്ടാകണം. വിമോചന ദൈവ ശാസ്ത്രത്തിന്റെ സമസ്ത തലങ്ങളെ കുറിച്ച് അല്മായര്‍ക്കും വിശ്വാസികള്‍ക്കും ക്ലാസ്സെടുക്കുന്ന പുരോഹിത ശ്രേഷ്ഠന്മാര്‍ വിമോചന ദൈവശാസ്ത്രം സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന് വേണ്ടിയിട്ടാണെന്ന് മറന്നുകൂടാ.

Read more

അധികാരത്തില്‍ നിന്നും സൗകര്യങ്ങളില്‍ നിന്നും സുഖലോലുപതയില്‍ നിന്നും ഏറ്റവും അങ്ങേയറ്റത്തേക്ക് തള്ളി മാറ്റപ്പെട്ട മനുഷ്യരുടെ വേവലാതികള്‍ നിങ്ങള്‍ കണ്ണതുറന്ന് കാണണം. അവരുടെ നിത്യജീവിതത്തിന്റെ പ്രയാസങ്ങളെ അഡ്രസ് ചെയ്യുന്ന യുഡിഎഫിനെ, കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനമെന്നുള്ള വാറോല കാണിച്ച് വിരട്ടാന്‍ നോക്കരുത്. ചിലപ്പോള്‍ പിതാക്കന്മാര്‍ക്ക് ഒപ്പം വിശ്വാസികള്‍ നിന്നില്ലായെന്ന് വരും. അല്ലെങ്കില്‍ തന്നെ ഈ വിരട്ടൊക്കെ മംഗലാപുരത്തിനപ്പുറത്തല്ലേ ആദ്യം നടപ്പാക്കേണ്ടതും.