ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? കേരള പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി അർച്ചന കവി

കേരള പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി അർച്ചന കവി. പൊലീസ് മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നുമാണ് അർച്ചന ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി ഓട്ടോയിൽ വരുന്ന വഴിയാണ് താരത്തിന് കേരള പൊലീസിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. വഴിയിൽ തങ്ങളെ തടഞ്ഞു നിർത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്നും അർച്ചന പറയുന്നു.

വളരെ മോശമായാണ് അവരുടെ പെരുമാറ്റം ഉണ്ടായതെന്നും തനിക്കൊരിക്കലും അത് സുരക്ഷിതമായി തോന്നിയില്ലന്നും അർച്ചന കവി പറയുന്നു. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അർച്ച പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

അർച്ചന കവിയുടെ വാക്കുകൾ

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോ​ഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കൻ ഭാഷയിലാണ് പെരുമാറിയത്.

ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.

Read more