സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടത്; സ്റ്റാന്‍ഡ് അപ്പിന് മികച്ച പ്രതികരണം

നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിധു വിന്‍സെന്റ് ഒരുക്കിയ “സ്റ്റാന്‍ഡ് അപ്പ്” ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. “”സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഗൗരവമേറിയതും, പ്രധാന്യം അര്‍ഹിക്കുന്നതും, ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒന്നാണ്”” എന്ന് ആരാധകന്‍ പറയുന്നു.

“”ചിത്രം പറയുന്നത് നമ്മുക്ക് ചുറ്റും പലര്‍ക്കും സംഭവിച്ചതാകും ,പലര്‍ക്കും ചിന്തിക്കാന്‍ ഉള്ളൊരു സ്‌പേസ് ചിത്രം നല്‍കുന്നുണ്ട്””, “”ചിത്രം പറയുന്നത് നമ്മുക്ക് ചുറ്റും പലര്‍ക്കും സംഭവിച്ചതാകും ,പലര്‍ക്കും ചിന്തിക്കാന്‍ ഉള്ളൊരു സ്‌പേസ് ചിത്രം നല്‍കുന്നുണ്ട്””, “”2019 ലെ നല്ല ചിത്രങ്ങളില്‍ ഒന്നുകൂടി പറയപ്പെടേണ്ട അല്ലെങ്കില്‍ പ്രസക്തി ഉള്ള ഒരു വിഷയത്തെ നല്ലരീതിയില്‍ പറഞ്ഞ സിനിമഅനുഭവം”” എന്നൊക്കെയാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

ബലാത്സംഗത്തിനു ശേഷം അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രി കടന്നു പോകുന്ന വെര്‍ബല്‍ റേപ്, മെഡിക്കല്‍ ചെക്കപ്പ് പോലുള്ള മലയാള സിനിമ അധികം കടന്നുചെല്ലാത്ത മേഖലകളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നിമിഷ അവതരിപ്പിക്കുന്ന കീര്‍ത്തി എന്ന കഥാപാത്രം സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മത്സരത്തില്‍ പറയുന്ന കഥയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ദിയ എന്ന ശക്തമായ കഥാപാത്രത്തെയാണ് രജിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിമിഷയുടെ സഹോദരനും ദിയയുടെ കാമുകനുമായ അമല്‍ എന്ന കഥാപാത്രമായാണ് വെങ്കിടേശ് വേഷമിടുന്നത്. വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോളിന്റെ തിരക്കഥ രചിച്ച ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് സ്റ്റാന്‍ഡ് അപ്പിനായും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അര്‍ജ്ജുന്‍ അശോകന്‍, സീമ, സേതുലക്ഷ്മി, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടോബിന്‍ തോമസാണ് ഛായാഗ്രഹണം.