'അവതാറിന് വിലക്കില്ല'; ഫിയോക്കിന്റെ തീരുമാനത്തിന് എതിരെ ലിബര്‍ട്ടി ബഷീര്‍

‘അവതാര്‍’ സിനിമയ്ക്ക് വിലക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ പ്രസ്താവന വന്നതിന് തൊട്ടു പിന്നാലെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത്.

ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. അവതാറിന്റെ അണിയറപ്രവര്‍ത്തകര്‍ തിയേറ്റര്‍ കളക്ഷന്റെ 60 ശതമാനം ചോദിച്ചു എന്ന കാരണത്താലാണ് ചിത്രത്തിനെതിരെ ഫിയോക്ക് അധികൃതര്‍ രംഗത്തെത്തിയത്.

റിലീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി അറിയിക്കാതെ തിയേറ്ററുകള്‍ക്ക് നേരിട്ട് എഗ്രിമെന്റ് അയക്കുകയായിരുന്നുവെന്നും ഫിയോക്കിന് കീഴിലുള്ള തിയേറ്ററുടമകള്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 16ന് ആണ് സിനിമ റിലീസ് ചെയ്യാനിരിക്കുന്നത്.

Read more

‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റി എത്തുന്നത്. 2009-ലായിരുന്നു ആദ്യ ഭാഗം പുറത്തിറങ്ങിയത്.