ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമപോരാട്ടം തുടരും; മാസപ്പടി കേസിന് പിന്നില്‍ പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും; കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് എംവി ഗോവിന്ദന്‍

എക്സാലോജിക്-സിഎംആര്‍എല്‍ കേസില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച പരാതി കോടതി സ്വീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

കേസിന് പിന്നില്‍ പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജുമാണെന്നാണ് എംവി ഗോവിന്ദന്റെ ആരോപണം. പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്ന അതേ ദിവസമാണ് എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപെടുത്തി പ്രതിപക്ഷ നേതാക്കളെയും പാര്‍ട്ടികളെയും തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഷോണ്‍ ജോര്‍ജാണ് എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ടത്. പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് സമാനമായി പ്രചരണം നടത്തനാണ് ശ്രമം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ നിയമ നടപടി സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

Read more

സാധാരണ കേസുകളില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാറുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല. കരിവന്നൂര്‍ കേസിലും ഹൈക്കോടതി കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പും, നിയമസഭ തിരഞ്ഞെടുപ്പുമാണ് ലക്ഷ്യമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അന്തിമ കോടതി വിധിയല്ല വന്നതെന്നും തെറ്റായ രീതിയാണ് ഏഷ്യനെറ്റ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.