നടിയെ ലിപ്‌ലോക് ചെയ്യണം, വിവാഹം ചെയ്യണമെന്ന് സന്തോഷ് വര്‍ക്കി; പരാതി നല്‍കി ബാല, പിന്നാലെ പൊലീസിന്റെ താക്കീത്

സിനിമാ റിവ്യൂ എന്ന പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന്‍ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് സന്തോഷ് വര്‍ക്കിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇത്തരം കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീര്‍ത്ത് വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടിയെ സിനിമയില്‍ ലിപ്ലോക്ക് ചെയ്യണമെന്ന സന്തോഷ് വര്‍ക്കിയുടെ പ്രസ്താവന വിവാദമായിരുന്നു.

ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സന്തോഷ് വര്‍ക്കി നല്‍കിയ വെറൈറ്റി റിവ്യൂ ശ്രദ്ധ നേടുകയും ആറാട്ടണ്ണന്‍ എന്ന പേരില്‍ പിന്നീട് ഇയാള്‍ വൈറലായി മാറുകയുമായിരുന്നു.

ആറാട്ടണ്ണന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം പങ്കുവച്ചിരുന്ന ഇയാളുടെ വീഡിയോകളില്‍ സിനിമാ നിരൂപണങ്ങള്‍ക്ക് പുറമേ നടീ-നടന്മാര്‍ക്കെതിരെയുള്ള മോശം പരാമര്‍ശങ്ങളും വ്യക്തിഹത്യകളും പതിവായിരുന്നു. അതേസമയം, തന്റെ പരാതിയില്‍ സന്തോഷ് വര്‍ക്കിക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നല്‍കിയതെന്ന് നടന്‍ ബാല പറഞ്ഞു.

Read more