IPL 2025: അവനെ നേരിടുമ്പോൾ ഓരോ പന്തും മൈൻഡ് ഗെയിം പോലെ, സ്റ്റാർക്കോ ബോൾട്ടോ ഒന്നും അല്ല; നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ബോളർ അവൻ: വിരാട് കോഹ്‌ലി

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ന് മുമ്പ് താൻ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ബൗളർ മുംബൈ ഇന്ത്യൻസ് (എം‌ഐ) പേസർ ജസ്പ്രീത് ബുംറയാണെന്നും അയാളെ നേരിടാൻ നല്ല സ്കിൽ വേണമെന്നും പറഞ്ഞിരിക്കുകയാണ് മുൻ റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്‌ലി. വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് തയ്യാറെടുക്കുന്ന കോഹ്‌ലി, കളിയുടെ എല്ലാ ഫോർമാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറ എന്നതിൽ സംശയമില്ലെന്ന് പറഞ്ഞു.

2024-25 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റ് മത്സരത്തിനിടെ ഓസ്‌ട്രേലിയയിൽ വെച്ച് ഉണ്ടായ പരിക്കിൽ നിന്ന് ബുംറ ഇപ്പോൾ സുഖം പ്രാപിക്കുന്നതിന്റെ പാതയിലാണ്. പരിക്ക് കാരണം സ്പീഡ്സ്റ്ററിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമായി, ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരങ്ങളും താരത്തിന് നഷ്ടമാകും എന്നാണ് വാർത്തകൾ. ഏപ്രിലോടെ ആകും താരം കളത്തിൽ ഇറങ്ങുക.

ബുംറയെ നേരിട്ട 16 ഇന്നിംഗ്‌സുകളിൽ നിന്ന് 147.36 സ്ട്രൈക്ക് റേറ്റോടെ 140 റൺസ് നേടിയ കോഹ്‌ലി, 15 ഫോറുകളും അഞ്ച് സിക്സറുകളും താരത്തിനെതിരെ നേടി. ഇരുവരുടെയും 16 ഏറ്റുമുട്ടലുകളിൽ അഞ്ച് തവണയും കോഹ്‌ലിയെ പുറത്താക്കാൻ ബുംറയ്ക്ക് കഴിഞ്ഞു.

കോഹ്‌ലി പറഞ്ഞ വാക്കുകൾ ഇങ്ങനെ:

“ജസ്പ്രീത് ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നതിൽ സംശയമില്ല, എല്ലാ ഫോർമാറ്റുകളിലും. ഐ‌പി‌എല്ലിൽ അദ്ദേഹം എന്നെ കുറച്ച് തവണ പുറത്താക്കിയിട്ടുണ്ട്, ഞാൻ ഇന്ത്യൻ പ്രീമിയർ ലീഗിനെ ആവേശത്തോടെയാണ് നോക്കി കാണുന്നത്. അവനെ നേരിടുമ്പോൾ ആവേശം തോന്നുന്നു. കാരണം ഞങ്ങൾക്ക് നെറ്റ്സിൽ അത്ര തീവ്രത കാണിക്കാൻ പറ്റില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ ഞങ്ങൾ എപ്പോഴും, ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെയാണ് കളിക്കുന്നത്” ആർ‌സി‌ബി പങ്കിട്ട വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.

മാർച്ച് 22 മുതൽ ആരംഭിക്കാനിരിക്കുന്ന ഐ‌പി‌എല്ലിന്റെ വരാനിരിക്കുന്ന പതിപ്പിൽ കോഹ്‌ലിയും ബുംറയും വീണ്ടും പരസ്പരം ഏറ്റുമുട്ടും. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആർ‌സി‌ബി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെ‌കെ‌ആർ) നേരിടും. ഏപ്രിൽ 7 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈയും ആർ‌സി‌ബിയും ഏറ്റുമുട്ടും.

Read more