രാവിലെ റിലീസ് നടന്നില്ല, വൈകിട്ട് തിയേറ്ററിലെത്തി ആഘോഷമാക്കി വിക്രം; ഒടുവില്‍ ഓട്ടോയില്‍ മടക്കം, വീഡിയോ

നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ വൈകിയാണ് തിയേറ്ററില്‍ എത്തിയതെങ്കിലും മികച്ച പ്രതികരണങ്ങള്‍ നേടി വിക്രത്തിന്റെ ‘വീര ധീര ശൂരന്‍’. വിക്രമിന്റെ കംബാക്ക് ആണ് സിനിമ എന്നാണ് എല്ലാവരും എക്‌സില്‍ കുറിക്കുന്നത്. സിനിമ കാണാനായി തിയേറ്ററിലെത്തിയ വിക്രമിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രേക്ഷകരുടെയൊപ്പം സിനിമ കാണാനായി വിക്രം ചെന്നൈയിലെ സത്യം സിനിമാസിലാണ് എത്തിയത്. സിനിമ കണ്ട് കഴിഞ്ഞു പുറത്തിറങ്ങിയതോടെ താരത്തെ ആരാധകര്‍ പൊതിഞ്ഞു. ഇതോടെ തിരക്ക് കാരണം ഒരു ഓട്ടോയില്‍ കയറി തിരിച്ചു പോകുന്ന വിക്രമിന്റെ വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആകുന്നത്.

ക്യാമറയുമായി ആരാധകര്‍ വിക്രമിന് പുറകെ ഓടുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യാനും താരം മറന്നില്ല. അതേസമയം, ഇന്നലെ രാവിലെ തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിക്കേണ്ടിയിരുന്ന സിനിമയാണ് വീര ധീര ശൂരന്‍. എന്നാല്‍ ചിത്രത്തിന്റെ ഒ.ടി.ടി അവകാശങ്ങളെ ചൊല്ലിയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി കോടതി സിനിമയുടെ റിലീസിന് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു.

ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതി സമീപിച്ചത്. പ്രശ്‌ന പരിഹാരത്തിനായി ഏഴ് കോടി രൂപ ബി4യു കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് സിനിമയുടെ മോണിങ്, നൂണ്‍ ഷോകള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷം കോടതി സ്റ്റേ മാറ്റിയ ഓര്‍ഡര്‍ നിര്‍മ്മാണ കമ്പനിയായ എച്ച്ആര്‍ പിക്‌ചേഴ്‌സിന് ലഭിച്ചു. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെയാണ് സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചത്.