'ഉള്ളൊഴുക്കി'ന് തിയേറ്ററിലും അവഗണനയോ? ഇനി ഒ.ടി.ടിയില്‍ കാണാം, ഇതുവരെ നേടിയ കളക്ഷന്‍ പുറത്ത്‌

ഏറെ പ്രശംസകള്‍ നേടിയ ക്രിസ്‌റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’ സിനിമ ഇനി ഒ.ടി.ടിയിലേക്ക്. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഉള്ളൊഴുക്ക് ജൂണ്‍ 21ന് ആയിരുന്നു തിയേറ്ററിലെത്തിയത്. ചിത്രം ഓഗസ്റ്റില്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും എന്നാണ് വിവരം.

ഉള്ളൊഴുക്ക് ഇന്ത്യയില്‍ ആകെ 4.4 കോടി രൂപയാണ് നേടിയത് എന്നാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട്. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറഞ്ഞത്.

2018ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. ‘രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണല്‍ ടാഗ് ലൈന്‍.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പി യുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത്.

അതേസമയം, സിനിമ ഐഎഫ്എഫ്കെയിലും ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും തിരഞ്ഞെടുക്കപ്പെടാത്തതില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ പ്രത്യേകമായി ക്ഷണിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ സാംസ്‌കാരിക മന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്.

Read more