വാതിലില്‍ മുട്ടി വിളിച്ചിട്ടും തുറന്നില്ല, രഞ്ജുഷ തൂങ്ങിയത് സ്വന്തം സാരിയില്‍ കുരുക്കിട്ട്; നടുങ്ങി സിനിമാലോകം

നടി രഞ്ജുഷ മേനോന്റെ ആത്മഹത്യയില്‍ ഞെട്ടി സിനിമാ-സീരിയല്‍ ലോകം. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ സിനിമയില്‍ സലീം കുമാറിന്റെ ഭാര്യയായി എത്തിയാണ് രഞ്ജുഷ സിനിമയില്‍ ശ്രദ്ധ നേടുന്നത്. ശവപ്പെട്ടി കച്ചവടക്കാരനായ ലോനപ്പനൊപ്പം മികച്ച അഭിനയം തന്നെയായിരുന്നു രഞ്ജുഷയുടെതും.

സിറ്റി ഓഫ് ഗോഡ്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച് 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥന്‍, അത്ഭുതദ്വീപ് തുടങ്ങിയ സിനിമകളിലും രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. സ്ത്രീ എന്ന സീരിയലിലൂടെയാണ് രഞ്ജുഷ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചു. ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് എന്നീ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു രഞ്ജുഷ. ഭര്‍ത്താവ് മനോജ് വര്‍മ്മയുമൊത്ത് തിരുവനന്തപുരം കരിയത്തുള്ള ഫ്ളാറ്റിലാണ് രഞ്ജുഷ താമസിക്കുന്നത്.

ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് രഞ്ജുഷയെ സ്വന്തം കിടപ്പുമുറിയിലെ ഫാനില്‍ സാരി കൊണ്ടുണ്ടാക്കിയ കുരുക്ക് കഴുത്തില്‍ മുറുക്കി മരിച്ച നിലയില്‍ കണ്ടെത്തിയത്. 34 വയസ്സായിരുന്നു നടിക്ക്. ഭാര്യയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ രഞ്ജുഷയുടെ ഭര്‍ത്താവ് സെക്യൂരിറ്റിയെ വിളിച്ച് വീട്ടില്‍ പോയി നോക്കാന്‍ പറയുകയായിരുന്നു.

Read more

സെക്യൂരിറ്റി വാതലില്‍ മുട്ടി വിളിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിക്കുകയും ഭര്‍ത്താവ് വരികയുമായിരുന്നു. ഭര്‍ത്താവ് വീടിന് പിന്നില്‍ ഏണി വച്ച് കയറി ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്ന് ഫ്‌ലാറ്റിന്റെ സെക്യൂരിറ്റി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.