വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (wcu) ആദ്യ ചിത്രമായി ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ വരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
‘എല്ലാം മാറ്റിമറിക്കുന്ന കേസ്, ഉജ്ജ്വലന്റെ ഏറ്റവും വലിയ രഹസ്യം കാത്തിരിക്കുന്നു. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ യാത്രക്ക് തയ്യാറായിക്കോളൂ. ഡിറ്റക്ടീവ് ഉജ്ജ്വലന്റെ വിചിത്രമായ ലോകത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിന് ശേഷം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിയിലെ വില്ലന്‍ കഥാപാത്രത്തിന് സമാനമായി ചാക്ക് കൊണ്ടുള്ള മുഖം മൂടിയണിഞ്ഞ രൂപത്തെ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും കാണാം. എന്നാല്‍ ഇത് മിന്നല്‍ മുരളി യൂണിവേഴ്‌സ് അല്ല.
മിന്നല്‍ മുരളി യൂണിവേഴ്സില്‍ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.