ഗോൾഡൻ ​ഗ്ലോബിൽ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് നിരാശ; രണ്ട് നോമിനേഷനുകളിലും പുരസ്‌കാരം നഷ്ടമായി

എണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ (പ്രഭയായ് നിനച്ചതെല്ലാം)ന് നിരാശ. ചിത്രത്തിന് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായി. അതോടൊപ്പം തന്നെ സംവിധായക മികവിന് പായൽ കപാഡിയയ്ക്കും പുരസ്കാരമില്ല. അതേസമയം കാൻ ഫെസ്റ്റിവലിൽ ​ഗ്രാന്റ് പ്രിക്സ് പുരസ്കാരം ചിത്രത്തിന് ലഭിച്ചിരുന്നു.

ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. സംവിധായക മികവിന് ബ്രാഡി കോർബറ്റിനാണ് പുരസ്കാരം ലഭിച്ചത്. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രാഡി പുരസ്കാരത്തിന് അർഹനായത്.

രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ഉണ്ടായിരുന്നത്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിവയ്ക്ക് ആയിരുന്നു നോമിനേഷന്‍. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭ ചിത്രമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മലയാള നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരായിരുന്നു ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തിയത്.