'വിവാഹമോചന കരാറിൽ വ്യാജഒപ്പിട്ടു, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി'; അമൃതയുടെ പരാതിയിൽ ബാലയ്‌ക്കെതിരെ കേസ്

നടൻ ബാലയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്. ഗായികയും ബാലയുടെ മുൻ ഭാര്യയുമായ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ്. വിവാഹമോചന കരാറിൽ വ്യാജഒപ്പിട്ടെന്നും മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി നടത്തിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ബാലയ്‌ക്കെതിരെ ഉള്ളത്. നേരത്തെയും ബാലക്കെതിരെ കേസ് എടുത്തിരുന്നു.

എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്നാണ് അമൃതയുടെ പരാതി. നേരത്തെ സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയിൽ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായിരുന്നു.
ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിലെ പ്രതികളായിരുന്നു.

വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെൻ്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു’ തുടങ്ങിയ പരാതികളാണ് അമൃത ബാലയ്ക്കെ‌തിരെ നൽകിയത്.