കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ സ്ഥാനത്തുനിന്ന് സംവിധായകൻ ഡോ. ബിജുകുമാർ ദാമോദരൻ രാജിവെച്ചു. തൊഴിൽ പരമായ കാരണങ്ങൾകൊണ്ടാണ് രാജിവെക്കുന്നത് എന്നാണ് ഡോ. ബിജുവിന്റെ വിശദീകരണം.
ഡോ. ബിജുവിനെതിരെ വിമർശനവുമായി ചലച്ചിത്ര അക്കാദമി അവാർഡ് ചെയർമാൻ രഞ്ജിത്ത് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അദൃശ്യജാലകങ്ങള്‍ എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണെന്ന് ആലോചിക്കേണ്ടത് എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
തുടർന്ന് രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജു രംഗത്തുവന്നിരുന്നു. “തിയറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല. ഒന്ന് രണ്ടു കാര്യം മാത്രം സൂചിപ്പിക്കാം. നെറ്റ്ഫ്‌ലിക്‌സ് ഉയര്‍ന്ന തുകയ്ക്ക് സംപ്രേഷണ അവകാശം വാങ്ങിയതാണ് ഈ സിനിമ. ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ധാരാളം ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന, വളരെയേറെ ക്രിട്ടിക്കല്‍ അംഗീകാരം കിട്ടിയ ഈ സിനിമ താങ്കള്‍ ചെയര്‍മാന്‍ ആയ മേള യില്‍ താങ്കളുടെ സുഹൃത്തിനെ വെച്ച് സിനിമകള്‍ തിരഞ്ഞെടുത്തപ്പോള്‍ തള്ളിക്കളയുകയും പിന്നീട് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ മത്സര വിഭാഗത്തില്‍ ഇടം പിടിക്കുകയും ചെയ്തത് കൊണ്ട് മാത്രം ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ എന്നോട് അനുമതി ചോദിച്ചു പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് എന്റെ സിനിമ.
അതിന്റെ ആദ്യ പ്രദര്‍ശനത്തിന് അഭൂതപൂര്‍വമായ തിരക്കും ആയിരുന്നു ഐഎഫ്എഫ്‌കെയില്‍. രണ്ടാമത്തെ പ്രദര്‍ശനം നാളെ നടക്കുമ്പോള്‍ അതും റിസര്‍വേഷന്‍ ആദ്യത്തെ അഞ്ചു മിനിറ്റില്‍ ഫുള്‍ ആയതുമാണ്. അതൊന്നും താങ്കള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അത്തരത്തില്‍ ഐഎഫ്എഫ്‌കെയില്‍ ഡെലിഗേറ്റുകള്‍ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താന്‍ താങ്കള്‍ ആളായിട്ടില്ല.
ഒരു കാര്യം ചോദിച്ചോട്ടെ, വിവിധ ലോക രാജ്യങ്ങളില്‍ നിന്നായി ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി സിനിമകള്‍ ഉണ്ട്. ലോകത്തെ പ്രധാന ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകള്‍ ഇവിടെ മേളയില്‍ കാണിക്കുന്നത്. അല്ലാതെ ആ സിനിമകള്‍ അവിടങ്ങളില്‍ തിയറ്ററുകളില്‍ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങള്‍ ആണല്ലോ കേരളാ സര്‍ക്കാരിന്റെ ചലച്ചിത്ര മേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ലജ്ജ തോന്നുന്നുണ്ട്.
കഴിഞ്ഞ മേളയില്‍ ഡെലിഗേറ്റുകളെ പട്ടിയോടു ഉപമിച്ച താങ്കള്‍ ഇത്തവണ താങ്കള്‍ ചെയര്‍മാനായ മേളയില്‍ ഏറ്റവും പ്രെസ്റ്റീജിയസ് ആയ ഒരു വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംവിധായകനോട് പറയുകയാണ്, നിങ്ങളുടെ സിനിമ തിയറ്ററില്‍ ആളെ കൂട്ടാത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് റെലവന്‍സ് എന്ന്.
ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ ഞാന്‍ താങ്കള്‍ക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ. അതിങ്ങനെ ആയിരുന്നു എന്റെ റെലവന്‍സ് തീരുമാനിക്കുന്നത് മിസ്റ്റര്‍ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും, ഇന്ത്യയ്ക്ക് അപ്പുറവും സിനിമാലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തല്‍ എനിക്ക് ആവശ്യമില്ല. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങള്‍ക്കും നന്ദി, സിനിമ എന്നാല്‍ ആള്‍ക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാന്‍ താങ്കള്‍ക്കു പേഴ്സണല്‍ മെസ്സേജ് അയച്ചത്.
‘മറു വാക്കുകള്‍ക്ക് നന്ദി ‘എന്നും പിന്നീട് ‘മതി നിര്‍ത്തിക്കോ’ എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കള്‍ മറുപടി ആയി നല്‍കിയത്. മതി നിര്‍ത്തിക്കോ എന്ന ആജ്ഞ അനുസരിക്കാന്‍ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കള്‍ക്ക് ഞാന്‍ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്. താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി. എന്റടുത്തേക്ക് വേണ്ട എന്ന് പരസ്യമായി പറയാന്‍ കൂടിയാണ് ഈ കുറിപ്പ്.
എന്റെ റെലവന്‍സ് എന്താണ് എന്ന് ഞാന്‍ ചിന്തിക്കണം എന്നാണല്ലോ താങ്കള്‍ ആവശ്യപ്പെടുന്നത്. ചിന്തിച്ചു. ഏറ്റവും ഒടുവിലായി കിട്ടിയ വലിയ അന്താരാഷ്ട്ര പുരസ്‌കാരം നല്‍കിയത് നൂറി ബില്‍ഗേ സെയ്‌ലാന്‍ എന്ന സംവിധായകന്‍ ചെയര്‍മാന്‍ ആയ ഒരു ജൂറി ആയിരുന്നു. ആ സംവിധായകന്‍ ആരാണെന്നു താങ്കള്‍ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുമല്ലോ.
Read more
തിയറ്ററില്‍ ആളെ കൂട്ടുന്ന സംവിധായകന്‍ അല്ലാത്തത് കൊണ്ട് താങ്കള്‍ക്ക് അദ്ദേഹത്തിന്റെ റെലവന്‍സും അറിയില്ലായിരിക്കാം. ഏതായാലും എനിക്ക് താങ്കള്‍ ഒരു ഉപദേശം നല്കിയല്ലോ, തിരിച്ചു ഞാന്‍ താങ്കള്‍ക്കും ഒരു ഉപദേശം നല്‍കിക്കോട്ടെ ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാന്‍ ആയി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ താങ്കള്‍ക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കുമല്ലോ.
സ്‌നേഹപൂര്‍വ്വം തിയറ്ററില്‍ ആളെക്കൂട്ടാന്‍ വേണ്ടി മാത്രം സിനിമ എടുക്കാന്‍ യാതൊരു ഉദ്ദേശവും പണ്ടും ഇപ്പോഴും ഇനിയും ഇല്ലാത്ത ഒരു ചലച്ചിത്ര സംവിധായകന്‍. ” എന്നാണ് ഡോ. ബിജു ഫേയ്സ്ബുക്കിൽ കുറിച്ചത്.