പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

ഗുജറാത്തില്‍ അഹമ്മദാബാദിലെ പടക്കനിര്‍മാണ ശാലയിലും ഗോഡൗണിലുമുണ്ടായ സ്‌ഫോടനത്തില്‍ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ ബനസ്‌കന്ത ജില്ലയിലെ ദീസയിലെ ഒരു പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് തൊഴിലാളികളെ ദീസ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. അഗ്‌നിശമന സേന, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്. എന്നാല്‍ എത്ര പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നോ എത്ര പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. സ്ഥലത്തിന്റെ ഉടമയ്ക്ക് ഒരു ഗോഡൗണ്‍ നടത്താന്‍ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ നിയമവിരുദ്ധമായ ഒരു പടക്ക നിര്‍മ്മാണ ഫാക്ടറിയും നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.