ദുബായിലെ കനത്ത വെള്ളക്കെട്ടില്‍ വലഞ്ഞ് ‘ആടുജീവിതം’ ടീമുമും ഉണ്ണി മുകുന്ദനും. സംവിധായകന്‍ ബ്ലെസിയും നടന്‍ ഗോകുലും ഉണ്ണി മുകുന്ദനും ഗോയകന്‍ ജിതിനും മണിക്കൂറുകളോളമാണ് ദുബായ് വിമാനത്താവളത്തില്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിപ്പോയത്. ഇവര്‍ 24 മണിക്കൂറോളം ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ ഇരിക്കേണ്ടി വന്നു.
കൊച്ചിയില്‍ നിന്നും ബ്ലെസ്സി എത്തേണ്ടയിരുന്ന ദുബായ് വിമാനം റദ്ദാക്കിയിരുന്നു. മറ്റൊരു വിമാനത്തില്‍ ഷാര്‍ജയിലെത്തിയപ്പോള്‍ വിമാനത്താവളവും റോഡുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. ജയ് ഗണേഷിന്റെ പ്രചാരണത്തിന് വേണ്ടിയായിരുന്നു ഉണ്ണി മുകുന്ദനും സംവിധായകന്‍ രഞ്ജിത് ശങ്കറും ദുബായില്‍ എത്തിയത്.
യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. യുഎഇയില്‍ നിലവില്‍ കാലാവസ്ഥ പൂര്‍വസ്ഥിതിയില്‍ എത്തി. കാലാവസ്ഥയിലെ അസ്ഥിരത അവസാനിച്ചെന്നും മഴ മാറിയെന്നും ബുധനാഴ്ച വൈകിട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ കാലാവസ്ഥ കേന്ദ്രം, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ സംയുക്തമായി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ 75 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ഐനിലെ ഖതം അശ്ശക് ലയില്‍ മാത്രം 24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്.