'മോഹന്‍ലാലിനോളം ബോഡി ഷെയ്മിംഗ് നേരിട്ടൊരു മലയാളി കാണില്ല, ട്രോളാന്‍ ഇറങ്ങുന്നവര്‍ തുടരുക, നിങ്ങള്‍ തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും'

മോഹന്‍ലാലിനെതിരെ ബോഡി ഷെയ്മിംഗ് നടത്തുന്നവരെ വിമര്‍ശിച്ച് നടനും സംവിധായകനുമായ സാജിദ് യഹിയ. ഹരിമോഹന്‍ എന്ന സിനിമാ ആസ്വാദകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് കടപ്പാട് രേഖപ്പെടുത്തി സാജിദ് പങ്കുവെച്ചിരിക്കുന്നത്. ബോഡി ഷെയ്മിംഗ് നടത്തുന്നവരോട് നിങ്ങള്‍ തുടരുക എന്നേ പറയാനുള്ളു, തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ് എന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

ഒരുമാതിരി അലുവ വിളമ്പിയത് പോലുള്ള മുഖമാണ് അന്ന് ലാലിന് ആ കൂട്ടത്തില്‍ നിന്നു ലാലിനെ തിരഞ്ഞെടുക്കാന്‍ കാരണവും അതു തന്നെയായിരുന്നു “മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്കു മോഹന്‍ലാല്‍, തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചു വളരെ തമാശ രൂപേണ ഫാസില്‍ സര്‍ പിന്നീട് പറഞ്ഞതാണ്… സിനിമ സൗന്ദര്യശാസ്ത്രത്തിനു ഒട്ടും യോജിക്കാന്‍ കഴിയാത്ത, അന്ന് സിബി മലയില്‍ പോലും പത്തില്‍ രണ്ടു മാര്‍ക്കിട്ട മലയാളിയുടെ പുരുഷ കാഴ്ചപ്പാടിന് വിരുദ്ധമായ മുഖം കൊണ്ടു സിനിമയിലേക്ക് വന്ന അതെ മോഹന്‍ലാല്‍ പിന്നീട് മലയാളത്തിന്റെ പുരുഷ പ്രതിനിധിയായത്, ഇന്നത്തെ ഏറ്റവും വലിയ താരമായത് ആദ്യത്തെ തമാശ.

സത്യത്തില്‍ മലയാളി മോഹന്‍ലാലിനെ സ്വാഭാവികമായി ഇഷ്ടപ്പെട്ടതാണോ?? അല്ല ഒരിക്കലുമല്ല മലയാളത്തിലെ വിരുദ്ധമായ കാഴ്ചപ്പാടുകളെ തന്നിലേക്ക് ഇഷ്ടപ്പെടുത്തിയതാണ് മോഹന്‍ലാല്‍. നിരവധി കഥാപാത്രങ്ങള്‍, ജനകീയ നിമിഷങ്ങള്‍, തുടങ്ങി അതിലേക്കു രഥചക്രം വലിച്ച കാര്യങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ ആത്യന്തികമായി സൗന്ദര്യത്തെ കുറിച്ചുള്ള ഒരു ജനതയുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റിയതില്‍ മോഹന്‍ലാല്‍ മുന്‍നിരയിലുണ്ട്. പക്ഷെ ഇതിനൊക്കെയിടയിലും ഒരിക്കലും വിമര്‍ശനങ്ങള്‍ക്ക്, മനഃപൂര്‍വമുള്ള അധിക്ഷേപങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. പ്രിയദര്‍ശന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്

“ലാലിനോളം ബോഡി ഷെയ്മിംഗ് നേരിട്ടൊരു മലയാളി കാണില്ലെന്ന് സത്യമാണ്. അത്രയധികം ശരീരത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് political correctness, body shaming നിലപാടുകാരൊക്കെ മോഹന്‍ലാലിലേക്കു ചുരുങ്ങുമ്പോള്‍ മാങ്ങയുള്ള മാവിലെ പതിവുള്ള ഏറുകാരായി മാറും. പക്ഷെ എത്ര അധിക്ഷേപിച്ചാലും തടിയെന്നു കളിയാക്കിയാലും മുട്ടനാടിന്റെ ചോര കുടിച്ച്, ഒറ്റ ഷോട്ടില്‍ പൂക്കോയിയുടെ ബെഞ്ചിന് മുകളില്‍ കയറി നിന്നു ചങ്കത്തു ചവിട്ടാനും, വിസ്‌കി ഫ്‌ളാസ്‌ക്ക് മൊത്തിക്കുടിച്ച് മഴയത്തൊരു ചുവന്ന തലയില്‍ കെട്ടും കെട്ടി ബുള്ളറ്റില്‍ വന്നു പറന്നു കയറാനുമുള്ള ആക്ഷന്‍ സങ്കല്‍പ്പങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു താരവും വികാരവുമേയുള്ളു. ഒരേയൊരു മോഹന്‍ലാല്‍ മാത്രം…

അവിടെയാണ് ഒരു ഫോട്ടോയും പൊക്കിപ്പിടിച്ച് കാര്യമേതാ കാരണം എന്താ എന്നു പോലും അറിയാതെ ട്രോളാന്‍ ഇറങ്ങുന്നത്. ഒന്നു കൂടി പറയാം കുറച്ചു വര്‍ഷങ്ങള്‍ മുമ്പത്തെ കഥയാണ്. അന്നും ഏകദേശം ഇതുപോലെ ഒരു ചിത്രം വന്നിരുന്നു പത്രത്തിലാണ് വന്നത്. അന്നിതു പോലെ നിരീക്ഷകര്‍ കുറവുള്ള കാലമല്ലേ എങ്കിലും അന്നും കുറച്ചു പേരൊക്കെ കളിയാക്കിയിരുന്നു എന്നാണ് ഓര്‍മ്മ. പക്ഷെ ബോധമുള്ളവരൊക്കെ അന്നെ ഞെട്ടിയിരുന്നു. കാരണം സംഭവം കര്‍ണ്ണാഭാരത്തിന്റെ ഡല്‍ഹിയിലെ അവതരണമായിരുന്നു.

അതെ അന്നു കാവാലത്തിന്റെ കര്‍ണ്ണഭാരം സംസ്‌കൃത നാടകത്തില്‍ കര്‍ണ്ണ വേഷം കെട്ടിയ അതെ മുഖത്തു തന്നെയാണ് ഇന്നും ചിലരൊക്കെ ഫാന്‍സി ഡ്രസ്സ്, മേക്കപ്പ് എന്നൊക്കെ പറഞ്ഞു പരസ്യമായി തന്നെ ബോഡി ഷെയ്മിംഗ് ഒളിച്ചു കടത്തുന്നത്. അവരോടൊക്കെ ഒന്നേ പറയാനുള്ളു. നിങ്ങള്‍ തുടരുക. ഇനി നിങ്ങള്‍ തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. നന്ദി.

https://www.facebook.com/sajidyahiya.yahiya/posts/3336359196445900