കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിയിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. നൃത്തപരിപാടിയിലെ പണപ്പിരിവിൽ സംഘാടകർ ആയ മൃദംഗ വിഷന്റെ കണക്കുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ആർക്കൊക്കെയാണ് പണം എത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മൃദംഗ വിഷനിൽ നിന്നും പണം എത്തിയ അക്കൗണ്ടുകൾ കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്. പ്രതിഫലം അല്ലാത്ത സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങനെ കണ്ടെത്തിയാൽ കേസിൽ ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം ഉണ്ടാകും. അതിന് ശേഷം മാത്രമായിരിക്കും ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യുക.
അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളിൽ നിന്ന് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകർക്ക് എതിരെയുളള ആരോപണം. കുട്ടികളിൽ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വൻ തുക സംഘാടകർ പിരിച്ചുവെന്നും നൃത്ത അധ്യാപകർ പറഞ്ഞിരുന്നു.